അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ നിയമഭേദഗതിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും

Update: 2025-09-13 05:10 GMT

തിരുവനന്തപുരം: ജനവാസമേഖലയിലിറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ നിയമഭേദഗതിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി നിയമസഭയില്‍ അവതരിപ്പിക്കാനുള്ള ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. വനം വകുപ്പുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകളാണ് മന്ത്രിസഭാ യോഗം പരിഗണിക്കുന്നത്. വരുന്ന നിയമസഭാ സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കാനാണ് നീക്കം.

1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലാണ് സംസ്ഥാനം ഭേദഗതി കൊണ്ട് വരുന്നത്. കേന്ദ്ര നിയമമുള്ളതിനാല്‍ ഇത് നിലനില്‍ക്കുമോയെന്ന് സംശയത്തിലാണ്. കേന്ദ്ര നിയമത്തില്‍ സംസ്ഥാനത്തിന് ഭേദഗതി കൊണ്ടുവരാന്‍ രാഷ്ട്രപതിയുടെ അനുമതി വേണം. അക്രമകാരികളായ മൃഗങ്ങളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള ബില്ലും കൊണ്ടു വരും.

സ്വകാര്യഭൂമിയിലെ ചന്ദനം വനം വകുപ്പ് മുറിക്കുന്നതുമായി ബന്ധപ്പെട്ട ബില്ലും മന്ത്രിസഭായോഗം പരിഗണിക്കും. വനവുമായി ബന്ധപ്പെട്ടുള്ള കേസുകളുടെ ഒത്തുതീര്‍പ്പ് കോടതി മുഖേന മാത്രമാക്കാനുള്ള നിയമ ഭേദഗതി ബില്ലും ഈ സഭാ സമ്മേളനത്തില്‍ കൊണ്ടുവരും. ഇക്കോ ടൂറിസം ബില്ലും സഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് നീക്കം.

Tags: