'സംസ്ഥാന സര്‍ക്കാര്‍ ലാഘവത്തോടെയാണ് കേസ് കൈകാര്യം ചെയ്യുന്നത്'; വാളയാര്‍ ആള്‍ക്കൂട്ടക്കൊലക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതില്‍ സമരവുമായി കൊല്ലപ്പെട്ട റാം നാരായണന്റെ കുടുംബം
പാലക്കാട്: വാളയാര്‍ ആള്‍ക്കൂട്ടക്കൊലക്കേസില്‍ എട്ടു പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതില്‍ കലക്ട്രേറ്റിന് മുന്നില്‍ സത്യാഗ്രഹസമരവുമായി കൊല്ലപ്പെട്ട റാം നാരായണന്റെ സഹോദരന്‍ ശശികാന്ത്. പ്രതികള്‍ക്ക് ജാമ്യം കിട്ടിയത് പ്രോസിക്യൂഷന്‍ ദുര്‍ബലമായതിനാലെന്നാണ് ആരോപണം. സംസ്ഥാന സര്‍ക്കാര്‍ ലാഘവത്തോടെയാണ് കേസ് കൈകാര്യം ചെയ്യുന്നതെന്നും, സര്‍ക്കാരിന്റെ വീഴ്ചയാണിതെന്നും ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈകോടതിയെ സമീപിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
റാം നാരായണന്റെ കുടുംബവും കോടതിയെ സമീപിക്കും. റാം നാരായണന്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ അഡ്വക്കറ്റ് കെ എസ് നിസാര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് മണ്ണാര്‍ക്കാട് എസ്‌സി,എസ്ടി ജില്ലാ പ്രത്യേക കോടതി ആറാം പ്രതി ഒഴികെയുള്ള എട്ടുപേര്‍ക്ക് വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്. അറസ്റ്റിലായ ശേഷം രണ്ടുതവണ പ്രതികളുടെ റിമാന്‍ഡ് നീട്ടിയിരുന്നു. തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്. പ്രതികള്‍ പാലക്കാട് ജില്ല വിട്ടുപോകരുതെന്നും ജാമ്യവ്യവസ്ഥയില്‍ നിര്‍ദേശമുണ്ട്. ഡിസംബര്‍ 17നാണ് ഛത്തീസ്ഗഢ് സ്വദേശിയായ റാം നാരായണ്‍(31) നെ മണിക്കൂറുകളോളം തടഞ്ഞുവച്ച് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് പ്രതികള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്.