മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ ശമ്പളം വര്‍ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍

Update: 2026-01-18 16:08 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ ശമ്പളം വര്‍ധിപ്പിച്ച് ഉത്തരവിറക്കി കേരള സര്‍ക്കാര്‍. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോക്ടര്‍മാര്‍ക്കാണ് സ്‌പെഷ്യല്‍ അലവന്‍സ് അനുവദിക്കാന്‍ തീരുമാനമായത്. ബ്രോഡ് സ്‌പെഷ്യാലിറ്റി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്ക് 5,000 രൂപയും സൂപര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തിന് 10,000 രൂപയും പ്രതിമാസ സ്‌പെഷ്യല്‍ അലവന്‍സ് അനുവദിച്ചാണ് ഉത്തരവിട്ടത്. തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് ഉത്തരവ് സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉണ്ടായത്. നിലവില്‍ സമരത്തില്‍ നിന്ന് പിന്മാറിയ ഡോക്ടര്‍മാര്‍ സര്‍ക്കാരിന്റെ ഈ നടപടിയെ സ്വാഗതം ചെയ്തു.

ശമ്പള വര്‍ധനവ് അടക്കം നിരവധി ആവശ്യങ്ങളുന്നയിച്ച് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ഏറെ കാലമായി പ്രതിഷേധത്തിലായിരുന്നു. ഇക്കഴിഞ്ഞ 13ാം തീയതി മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ ചര്‍ച്ച നടത്തി സമരത്തില്‍ നിന്ന് ഡോക്ടര്‍മാരെ പിന്തിരിപ്പിച്ചിരുന്നു. സമവായ നീക്കമെന്ന നിലയിലാണ് ഡോക്ടര്‍മാരുടെ ശമ്പളത്തില്‍ വര്‍ധനവ് വരുത്തിയിരിക്കുന്നത്. ശമ്പളത്തിന് പുറമെ അധിക തുകയായാണ് ഇത് അനുവദിച്ചിരിക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ സേവനവും ഉത്തരവാദിത്തവും പരിഗണിച്ചാണ് പ്രത്യേക സാമ്പത്തിക ആനുകൂല്യം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായതെന്ന് അധികൃതര്‍ വ്യക്തമാക്കി.