ആര്‍ആര്‍ടിഎസിന് സംസ്ഥാന സര്‍ക്കാരിന്റെ തത്വാനുമതി; ഗതാഗത വകുപ്പ് ഉത്തരവിറക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍ആര്‍ടിഎസ്) നടപ്പാക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്. പദ്ധതിക്ക് തത്വത്തില്‍ അനുമതി നല്‍കിക്കൊണ്ട് ഗതാഗത വകുപ്പ് ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി. ആദ്യഘട്ടമായി തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ആര്‍ആര്‍ടിഎസ് നടപ്പാക്കാനാണ് തീരുമാനമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.
പദ്ധതിയുടെ വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിക്കുകയും ആവശ്യമായ അനുമതികളും ക്ലിയറന്‍സുകളും നേടുന്നതിനായി കേന്ദ്രവുമായി ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 583 കിലോമീറ്റര്‍ നീളമുള്ള ആര്‍ആര്‍ടിഎസ് പദ്ധതി 12 വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആകെ ചെലവ് ഏകദേശം 1,92,780 കോടി രൂപയായി കണക്കാക്കപ്പെടുന്നു. കേരളത്തിന്റെ ഗതാഗത മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ നിര്‍ണായകമായ മാറ്റം കൊണ്ടുവരാന്‍ ആര്‍ആര്‍ടിഎസ് സഹായകരമാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.