ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപോര്‍ട്ട് പരിശോധിക്കാന്‍ പുതിയ സമിതിയെ നിയമിച്ച് സര്‍ക്കാര്‍

2017 ജൂലൈ 16നാണ് ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായ സമിതിയെ സര്‍ക്കാര്‍ നിയോഗിക്കുന്നത്.

Update: 2022-01-12 05:01 GMT

തിരുവനന്തപുരം: സിനിമാ മേഖലയിലെ ചൂഷണങ്ങളെ സംബന്ധിച്ച് പഠനം നടത്തിയ ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപോര്‍ട്ട് രണ്ടു വര്‍ഷമായിട്ടും പുറത്തുവിടാത്തതില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പുതിയ സമിതിയെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍. കമ്മീഷന്‍ റിപോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നത് പരിശോധിക്കാന്‍ മൂന്നംഗ സമിതിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്.

ചലച്ചിത്ര അക്കാദമി സെക്രട്ടറി, സാംസ്‌കാരിക വകുപ്പിലെ അണ്ടര്‍ സെക്രട്ടറി, നിയമ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ഹേമ കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായം ഓരോ അംഗവും പ്രത്യേകം സമര്‍പ്പിക്കണം. സിനിമ മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച ശുപാര്‍ശ ചലച്ചിത്ര അക്കാദമി സെക്രട്ടറിയും സാംസ്‌കാരിക വകുപ്പുമായിരിക്കും പരിശോധിക്കുക. നിയമപരമായ പ്രശ്‌നങ്ങള്‍ നിയമവകുപ്പ് സെക്രട്ടറി പരിശോധിക്കും. മൂന്ന് അംഗങ്ങളുടെയും അഭിപ്രായം അറിഞ്ഞ ശേഷമായിരിക്കും സര്‍ക്കാര്‍ തീരുമാനം.

അതേസമയം, റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ സമിതിക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ല. എന്നാല്‍ അടിയന്തരമായി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017 ജൂലൈ 16നാണ് ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായ സമിതിയെ സര്‍ക്കാര്‍ നിയോഗിക്കുന്നത്. നടി അക്രമിക്കപ്പെട്ട പശ്ചാത്തലത്തില്‍ സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനാണ് കമ്മീഷനെ നിയമിച്ചത്.

രണ്ടര വര്‍ഷത്തെ പഠനത്തിനും തെളിവെടുപ്പുകള്‍ക്കും ശേഷം 2019 ഡിസംബര്‍ 31ന് കമ്മീഷന്‍ സംസ്ഥാന സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ജസ്റ്റിസ് ഹേമ, നടി ശാരദ, കെ ബി വല്‍സലകുമാരി (റിട്ട. ഐഎഎസ്) എന്നിവരായിരുന്നു കമ്മീഷന്‍ അംഗങ്ങള്‍. ചിത്രീകരണ സ്ഥലങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ശുചിമുറി, വസ്ത്രം മാറ്റാനുള്ള ഇടം തുടങ്ങിയവയുടെ അഭാവത്തെക്കുറിച്ചുമുള്ള ചലച്ചിത്ര രംഗത്ത് കടന്നുവരുന്ന സ്ത്രീകള്‍ ലൈംഗിക പീഡനത്തിനിരയാകുന്ന അനുഭവങ്ങളും റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ട് വര്‍ഷമായിട്ടും സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കാനോ റിപ്പോര്‍ട്ട് പുറത്തുവിടാനോ തയ്യാറാവാത്തത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു.

Tags: