റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 3,000 രൂപ വീതം; തമിഴ്നാട്ടില്‍ പൊങ്കല്‍ സമ്മാനം പ്രഖ്യാപിച്ച് സ്റ്റാലിന്‍
ചെന്നൈ: തമിഴ്നാട്ടില്‍ പൊങ്കല്‍ സമ്മാനം പ്രഖ്യാപിച്ച് സര്‍ക്കാര്‍. സംസ്ഥാനത്തെ 2.20 കോടി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും 3,000 രൂപ വീതം സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയിച്ചു. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ക്യാംപുകളില്‍ കഴിയുന്ന ശ്രീലങ്കന്‍ തമിഴ് വംശജര്‍ക്കും 3,000 രൂപ വീതം നല്‍കും. ഒരുകിലോ വീതം പഞ്ചസാരയും പച്ചരിയും കരിമ്പും അടങ്ങുന്ന പൊങ്കല്‍ കിറ്റും നല്‍കും. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സര്‍ക്കാര്‍ പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷം പൊങ്കല്‍ കിറ്റിനൊപ്പം പണം നല്‍കിയിരുന്നില്ല. അതിനു മുന്‍പുള്ള മൂന്നു വര്‍ഷവും 1,000 രൂപ വീതം നല്‍കിയിരുന്നു.
പൊങ്കല്‍ സമ്മാനത്തിന്റെ വിതരണോദ്ഘാടനം ജനുവരി എട്ടിന് നടക്കും. റേഷന്‍ കടകള്‍ വഴിയാണ് ജനങ്ങള്‍ക്ക് സമ്മാനം വിതരണം ചെയ്യുക. തിരക്ക് ഒഴിവാക്കാന്‍ ഓരോ കടയിലും പ്രതിദിനം 400 ഓളം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജനുവരി 14നകം പൊങ്കല്‍ സമ്മാന വിതരണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പൊങ്കല്‍ സമ്മാന പാക്കേജിനായി 248 കോടി രൂപ അനുവദിച്ചുകൊണ്ട് അടുത്തിടെ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ അതില്‍ പണം നല്‍കുന്നതിനെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നില്ല. പിന്നീട് മന്ത്രിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കൂടിയാലോചിച്ച ശേഷമാണ് ഈ തീരുമാനം എടുത്തത്.
