എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നേരത്തെ മെയ് എട്ടിന് ആയിരുന്നു തീരുമാനിച്ചിരുന്നത്. ഏപ്രില്‍ 16 മുതല്‍ മെയ് രണ്ടു വരെയാണ് മൂല്യനിര്‍ണയം നടക്കുക. മൂല്യനിര്‍ണയം 72 ക്യാമ്പുകളില്‍ നടക്കും. ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25നു പ്രഖ്യാപിക്കും. ജൂണ്‍ ഒന്നിന് പ്രവേശനോല്‍സവം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പൊതുവിദ്യാലയങ്ങളിലെ ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ പരീക്ഷാഫലം മെയ് രണ്ടിനു പ്രസിദ്ധീകരിക്കും. മാര്‍ച്ച് അഞ്ചിന് ആരംഭിച്ച എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 16നാണ് അവസാനിച്ചത്. സംസ്ഥാനത്തെ 3,031 കേന്ദ്രങ്ങളിലായാണ് പരീക്ഷകള്‍ നടന്നത്. ഇരുപതിനായിരത്തില്‍ അധികം അധ്യാപകരാണ് സംസ്ഥാനത്ത് മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കുക.
ഏപ്രില്‍ ആറു മുതല്‍ 25 വരെ മൂല്യനിര്‍ണയം നടത്താനായിരുന്നു നേരത്തെ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്ത് ഏപ്രില്‍ ഒന്‍പതിന് വോട്ടെടുപ്പ് പ്രഖ്യാപിച്ചതോടെ അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി നല്‍കേണ്ടി വന്നു. ഇതേത്തുടര്‍ന്നാണ് മൂല്യനിര്‍ണയ തിയ്യതികളില്‍ മാറ്റം വരുത്തിയത്.