ശ്രീലങ്കയിലെ ഈസ്റ്റര്‍ ബോംബാക്രമണവുമായി ബന്ധപ്പെട്ട് മുന്‍ ഇന്റലിജന്‍സ് മേധാവിയുടെ അറസ്റ്റിനെ സ്വാഗതം ചെയ്ത് ശ്രീലങ്കന്‍ കത്തോലിക്കാ സഭ
കൊളംബോ: 2019-ലെ ഈസ്റ്റര്‍ ദിന ആക്രമണക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ മുന്‍ സ്റ്റേറ്റ് ഇന്റലിജന്‍സ് സര്‍വീസ് മേധാവി റിട്ട മേജര്‍ ജനറല്‍ സുരേഷ് സല്ലെയെ അറസ്റ്റ് ചെയ്തത നടപടി സ്വാഗതം ചെയ്ത് ശ്രീലങ്കന്‍ കത്തോലിക്കാ സഭ. മുന്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ കാലത്ത് ഈ കേസിന്റെ അന്വേഷണം മനപ്പൂര്‍വ്വം തടസ്സപ്പെടുത്തിയതായി സഭ വക്താവ് ഫാദര്‍ സിറില്‍ ഗാമിനി പറഞ്ഞു. നിലവിലെ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
രാജപക്സെ പ്രസിഡന്റായതിനുശേഷം 2019ല്‍ സ്റ്റേറ്റ് ഇന്റലിജന്‍സ് സര്‍വീസ്(എസ്ഐഎസ്)മേധാവിയായി സ്ഥാനക്കയറ്റം ലഭിച്ച സുരേഷ് സല്ലെക്ക് ബോംബാക്രമണങ്ങളില്‍ പങ്കുണ്ടെന്ന് നേരത്തെ ആരോപിക്കപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം അത് നിഷേധിച്ചിരുന്നു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സല്ലെക്ക് ആക്രമണം നടത്തിയവരുമായി ബന്ധമുണ്ടെന്നും ആക്രമണത്തിന് മുന്‍പ് അവരെ കണ്ടിരുന്നുവെന്നും 2023ല്‍ ബ്രിട്ടനിലെ ചാനല്‍ 4 ഉള്‍പ്പെടെ നിരവധി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. തുടര്‍ന്നാണ് അദ്ദേഹത്തിനെതിരേ അന്വേഷണം നടക്കുന്നതും അറസ്റ്റ് ചെയ്യുന്നതും.