അനസ്‌തേഷ്യ മരുന്നുകള്‍ കിട്ടാനില്ല;ശസ്ത്രക്രിയകള്‍ മുടങ്ങുന്നു;ശ്രീലങ്കയില്‍ മരണ നിരക്ക് കൊവിഡ് കാലത്തേക്കാള്‍ ഉയര്‍ന്നേക്കുമെന്ന് ഡോക്ടര്‍മാര്‍

Update: 2022-04-11 10:24 GMT

കൊളംബോ:ശ്രീലങ്കയില്‍ തുടരുന്ന സാമ്പത്തിക പ്രതിസന്ധി കൊവിഡ് മൂലമുണ്ടായ മരണങ്ങളിലും കൂടുതല്‍ മരണങ്ങള്‍ ഉണ്ടാക്കാന്‍ കാരണമായേക്കാമെന്ന മുന്നറിയിപ്പുമായി ശ്രീലങ്കന്‍ ഡോക്ടര്‍മാര്‍.അനസ്‌തേഷ്യ മരുന്നുകള്‍ കിട്ടാനില്ലാത്തതിനാല്‍ കഴിഞ്ഞ മാസം അവസാനം മുതല്‍ ആശുപത്രികളില്‍ പതിവ് ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെയുള്ളവ മുടങ്ങിക്കിടക്കുകയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ മരണനിരക്ക് കൂടുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.

രാജ്യത്തെ എല്ലാ ആശുപത്രികള്‍ക്കും ഇനി ഇറക്കുമതി ചെയ്ത മെഡിക്കല്‍ ഉപകരണങ്ങളും സുപ്രധാന മരുന്നുകളും ലഭ്യമാകില്ല എന്ന് ശ്രീലങ്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഡോക്ടര്‍മാരുടെ പ്രതികരണം.

ശ്രീലങ്കയില്‍ മരുന്നുകള്‍ക്ക് കടുത്ത ക്ഷാമം നേരിടുകയാണ്. ജീവന്‍രക്ഷാമരുന്നുകള്‍ കിട്ടാനില്ലാത്തത് സ്ഥിതി ഗുരുതരമാക്കുകയാണ്. അടിയന്തര ശസ്ത്രക്രിയകള്‍ പോലും നടത്താനുള്ള സ്ഥിതി ആശുപത്രികളില്ലെന്നും ശ്രീലങ്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ പറയുന്നു.ആര്‍ക്ക് ചികിത്സ നല്‍കും, ആരെ ഒഴിവാക്കും എന്ന തീരുമാനമെടുക്കാനാകാതെ ഞങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

രാജ്യത്തെ ആരോഗ്യ രംഗത്തെ ഗുരുത സാഹചര്യത്തെക്കുറിച്ച് പ്രസിഡന്റ് ഗോതബയ രാജപക്‌സെയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് ശ്രീലങ്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ കത്തയച്ചിരുന്നു.അടിയന്തരമായി ലഭിക്കേണ്ട മരുന്നുകളും മറ്റ് സംവിധാനങ്ങളും ഉടന്‍ പുനസ്ഥാപിച്ചില്ലെങ്കില്‍ രാജ്യത്തെ സ്ഥിതി കൊവിഡ് മഹാമാരിയേക്കാള്‍ മോശമായിരിക്കുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ മണിക്കൂറുകളോളമുള്ള വൈദ്യുതി മുടക്കത്തിനും ഭക്ഷ്യക്ഷാമത്തിനും ഇന്ധന ക്ഷാമത്തിനും പുറമെയാണ് അവശ്യ മരുന്നുകള്‍ പോലും ലഭിക്കാത്ത അവസ്ഥയിലൂടെ ശ്രീലങ്കന്‍ ജനത കടന്നു പോകുന്നത്.



Tags:    

Similar News