മോദിയുടെ അടുത്തേക്ക് പോകാതെ വേദിയില്‍ മാറിനിന്ന് ആര്‍ ശ്രീലേഖ

Update: 2026-01-23 15:12 GMT

തിരുവനന്തപുരം: പ്രധാനമന്ത്രി പങ്കെടുത്ത വേദിയിലും മേയറാക്കാത്തതിലെ അതൃപ്തി പ്രകടമാക്കി ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ. ബിജെപി പൊതു സമ്മേളന വേദിയില്‍ പ്രധാനമന്ത്രി മോദിയുടെ അടുത്ത് പോലും പോകാതെയാണ് ശ്രീലേഖ അതൃപ്തി പ്രകടിപ്പിച്ചത്. മേയര്‍ വി വി രാജേഷും, കെ സുരേന്ദ്രനും ഉള്‍പ്പടെയുള്ള നേതാക്കള്‍ മോദിയെ യാത്രയാക്കുന്ന ഘട്ടത്തിലും, ശ്രീലേഖ ആ പരിസരത്തേക്ക് പോലും പോകാതെ മാറിനിന്നു. കോര്‍പറേഷന്‍ മേയറാക്കാത്തതില്‍ ശ്രീലേഖ നേരത്തേയും അതൃപ്തി പരസ്യമാക്കിയിരുന്നു

പ്രധാനമന്ത്രി പങ്കെടുത്ത വേദിയിലുണ്ടായിരുന്നെങ്കിലും മോദിയില്‍ നിന്നും പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളില്‍ നിന്നും ശ്രീലേഖ അകലം പാലിച്ചുകൊണ്ട് മാറിനില്‍ക്കുകയായിരുന്നു. മോദിയെ യാത്ര അയയ്ക്കാനായി മറ്റ് നേതാക്കളെല്ലാം കൂടിനില്‍ക്കുമ്പോഴും സ്വന്തം ഇരിപ്പിടത്തില്‍ നിന്ന് എണീറ്റ് മാറിനില്‍ക്കുകയായിരുന്നു ശ്രീലേഖ.

മേയര്‍ ആക്കുമെന്ന ഉറപ്പിലാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതെന്നും കൗണ്‍സിലറാകാന്‍ വേണ്ടിയല്ല പാര്‍ട്ടി തന്നെ മല്‍സരിപ്പിച്ചതെന്നും ശ്രീലേഖ മുന്‍പ് പറഞ്ഞിരുന്നു. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലാണ് അവസാനം വി വി രാജേഷ് മേയറും ആശാ നാഥ് ഡെപ്യൂട്ടി മേയറും ആയതെന്ന് ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നിലെ ശ്രീലേഖയുടെ തുറന്നുപറച്ചില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ അതൃപ്തി ഉണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയില്‍ നിന്നുള്ള ആര്‍ ശ്രീലേഖയുടെ വിട്ടുനില്‍ക്കലും ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.