യുവതിക്കെതിരെ ലൈംഗികാതിക്രമം: 'സ്‌ക്വിഡ് ഗെയിം' താരത്തിന് തടവ് ശിക്ഷ വിധിച്ച് കോടതി

Update: 2024-03-15 16:20 GMT

കൊറിയ: യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കുറ്റാരോപിതനായ കൊറിയന്‍ നടന്‍ ഓ യൂങ് സൂ-വിന് തടവ് ശിക്ഷ വിധിച്ച് പ്രാദേശിക കോടതി. 'സ്‌ക്വിഡ് ഗെയിം' എന്ന സൂപര്‍ഹിറ്റ് നെറ്റ്ഫ്‌ലിക്‌സ് പരമ്പരയിലെ പ്രധാന താരമായ ഓ യൂങ് സൂ-വിന് ഇതേ സീരീസിലെ അഭിനയത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ചിരുന്നു. 2017-ലായിരുന്നു സംഭവം നടന്നത്. യുവതിയെ മോശമായി സ്പര്‍ശിച്ചെന്നായിരുന്നു നടനെതിരായ പരാതി. പരാതി ശരിവെച്ച കോടതി എട്ടുമാസം തടവും 40 മണിക്കൂര്‍ ബോധവത്കരണ ക്ലാസുമാണ് ശിക്ഷയായി വിധിച്ചത്. 78-കാരനായ സൂവിനെതിരെ 2021 ഡിസംബറിലായിരുന്നു യുവതി പരാതിയുമായി എത്തിയത്. എന്നാല്‍ നടനെതിരെ നടപടിയൊന്നുമെടുക്കാതെ പോലിസ് കേസ് അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് 2022 ഏപ്രില്‍ മാസത്തില്‍ യുവതി വീണ്ടും പരാതിയുമായി എത്തിയതോടെ കേസ് പുനരന്വേഷിക്കുകയായിരുന്നു. അതോടെ സൂവിനെതിരെ തെളിവ് ലഭിക്കുകയും യുവതി പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് കോടതിക്ക് ബോധ്യപ്പെടുകയുമായിരുന്നു.

    50 വര്‍ഷത്തോളമായി അഭിനയരംഗത്തുള്ള ഓ യൂങ് സൂ സ്‌ക്വിഡ് ഗെയിം സീരീസിലൂടെയായിരുന്നു ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്. കുറ്റാരോപിതനായതിനുപിന്നാലെ സൂ അഭിനയിച്ച സര്‍ക്കാര്‍ പരസ്യചിത്രം കൊറിയന്‍ സാംസ്‌കാരിക മന്ത്രാലയം പിന്‍വലിച്ചിരുന്നു.

Tags: