വിദ്വേഷം പ്രചരിപ്പിക്കുന്നു; പൊതുതാത്പര്യ ഹരജിയുമായി സാമൂഹിക പ്രവര്‍ത്തകര്‍
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവരുടെ മുസ്ലിം വിരുദ്ധ നീക്കങ്ങളില്‍ കോടതി ഇടപെടണമെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു
ന്യൂഡല്‍ഹി: ഭരണഘടനാപരമായ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്നും ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകള്‍ നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടി സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ച് സാമൂഹികപ്രവര്‍ത്തകര്‍. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള മറ്റ് ബിജെപി മന്ത്രിമാരുടേയും മുഖ്യമന്ത്രിമാരുടേയും മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ക്കും നീക്കങ്ങള്‍ക്കുമെതിരേയാണ് സുപ്രിംകോടതിയില്‍ പൊതുതാത്പര്യ ഹരജി നല്‍കിയിരിക്കുന്നത്. രൂപ് രേഖ വര്‍മ്മ, മുന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ്, ജോണ്‍ ദയാല്‍ തുടങ്ങി 12 സാമൂഹിക പ്രവര്‍ത്തകരാണ് സുപ്രിംകോടതിയില്‍ ഈ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
ഉന്നത പദവികള്‍ വഹിക്കുന്ന വ്യക്തികളുടെ ഇത്തരം പരാമര്‍ശങ്ങള്‍ വിദ്വേഷം വളര്‍ത്തുമെന്നും ഭരണഘടനാ ഉത്തരവാദിത്തങ്ങളുടെ ലംഘനമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, മറ്റ് മുതിര്‍ന്ന മന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍ എന്നിവരുടെ മുസ് ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ ഉദാഹരണമായി ചൂണ്ടിക്കാണിച്ചാണ് ഇന്ത്യയുടെ പരമോന്നത നീതിപീഠത്തില്‍ പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ഉന്നത പദവികള്‍ വഹിക്കുന്ന വ്യക്തികള്‍ ഭരണഘടനാപരമായ ഉത്തരവാദിത്തം ലംഘിക്കുന്നതിനുള്ള തെളിവുകളായാണ് അവര്‍ ഈ സംഭവങ്ങളെ ഹരജിയില്‍ ഉയര്‍ത്തിക്കാട്ടുന്നത്. വിഷയത്തില്‍ കോടതിയുടെ അടിയന്തര ഇടപെടല്‍ വേണമെന്നാണ് ഇവരുടെ ആവശ്യം.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, ഒരു ഷൂട്ടിങ് ക്ലബ്ബില്‍ മുസ് ലിം വേഷധാരികളുടെ ചിത്രത്തിനു നേരെ നിറയൊഴിക്കാന്‍ ഒരുങ്ങുന്നതായുള്ള വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. 'പോയിന്റ് ബ്ലാങ്ക് ഷോട്ട്' എന്ന തലക്കെട്ടോടെ ബിജെപിയുടെ സാമൂഹികമാധ്യമ ഹാന്‍ഡിലുകള്‍ ഈ വീഡിയോ പങ്കുവെക്കുകയും ചെയ്തു. എന്നാല്‍ വിഷയം വിവാദമായതോടെ വീഡിയോകള്‍ പിന്‍വലിക്കപ്പെട്ടു. അസമിലെ മിയ മുസ് ലിംകള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ക്ക് പുറമേ, വെള്ളപ്പൊക്ക ജിഹാദ് ഉള്‍പ്പെടേയുള്ളവ, ഒരു പ്രത്യേക മതവിഭാഗത്തിലെ അംഗങ്ങളെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണം എന്നതടക്കമുള്ള ഹിമന്തയുടെ പ്രസ്താവനകളും ഹരജിയില്‍ ഉദ്ധരിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും സമാനമായ വിഭാഗീയ-വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ വിദ്വേഷ പരാമര്‍ശങ്ങളും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയില്‍ നടത്തിയ 'കത്മുള്ള' പരാമര്‍ശങ്ങളും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മുസ് ലിംകളെ 'പാകിസ്താന്‍ പന്നിക്കച്ചവടക്കാര്‍' എന്ന് വിശേഷിപ്പിച്ച മഹാരാഷ്ട്ര ബിജെപി മന്ത്രി നിതേഷ് റാണെയുടെ പ്രസ്താവന. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ യുവാക്കളോട് 'ചരിത്രത്തിന് പകരം വീട്ടാന്‍' ആഹ്വാനം ചെയ്തതായി പറയപ്പെടുന്ന പരാമര്‍ശങ്ങളുമാണ് പ്രധാനമായും ഹരജിയില്‍ പരാമര്‍ശിക്കുന്ന ഉദാഹരണങ്ങള്‍.

