'കെ സി വേണുഗോപാലുമായി സംസാരിച്ചു, നാളെ കൂടിക്കാഴ്ചയില്ല'; പ്രേംകുമാര്‍

Update: 2026-02-15 13:38 GMT

തിരുവനന്തപുരം: കോണ്‍ഗ്രസിലേക്കെന്ന വാര്‍ത്ത തളളാതെ ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും നടനുമായ പ്രേംകുമാര്‍. കെ സി വേണുഗോപാലുമായി സംസാരിച്ചെന്നും ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയ കാര്യങ്ങളടക്കം ചര്‍ച്ചയായെന്നുമാണ് പ്രേംകുമാര്‍ പറഞ്ഞത്. പാര്‍ട്ടി മാറുമോയെന്ന ചോദ്യത്തില്‍ നാളെ എന്ത് സംഭവിക്കുമെന്ന് പറയാനാവില്ലെന്നായിരുന്നു പ്രേംകുമാറിന്റെ വിശദീകരണം. ആറ് മാസമായി ഒരു പരിപാടിക്കും എന്നെ വിളിച്ചിട്ടില്ല. സിനിമാ കോണ്‍ക്ലേവില്‍ പോലും വിളിച്ചിരുന്നില്ല. കെ സി വേണുഗോപാലിനെ ഇടയ്ക്ക് കാണാറുണ്ട്. തുറന്ന് എഴുതിയ ശേഷവും എന്നെ അദ്ദേഹം വിളിച്ചിരുന്നു. എന്നോട് കാണിച്ചത് അനീതിയാണെന്ന് കെ സിയും പറഞ്ഞു.

കെ സി വേണുഗോപാലുമായി നടത്തിയത് സൗഹൃദ ചര്‍ച്ചയായിരുന്നുവെന്നും നാളെ കെ സിയുമായി കൂടിക്കാഴ്ചയില്ലെന്നും പ്രേംകുമാര്‍ വ്യക്തമാക്കി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി മാറ്റിയതിലെ അമര്‍ഷം പരസ്യമാക്കിയതിനു പിന്നാലെയാണ് പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്കെന്ന വാര്‍ത്തകളും പുറത്തുവന്നത്. ഇടത് തുടര്‍ഭരണം പാടില്ലെന്ന പരസ്യവിമര്‍ശനം ഉന്നയിച്ച സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദനെ സ്ഥാനത്ത് നിന്ന് മാറ്റാത്തതിനെ തുടര്‍ന്നാണ് പ്രേംകുമാര്‍ തന്നെ മാറ്റിയതിലെ അമര്‍ഷം പരസ്യമാക്കി രംഗത്തെത്തിയത്. ഇരട്ടനീതി എന്നാണ് പ്രേംകുമാര്‍ ഇതിനെ വിശേഷിപ്പിച്ചത്.

കേരളത്തില്‍ സംസ്‌കാരിക വകുപ്പിന്റെ കീഴില്‍ വേറെയും അക്കാദമികളുണ്ട്. ഏതൊക്കെ അക്കാദമികളിലാണ് കാലാവധി കഴിഞ്ഞ ഉടനെ ചെയര്‍മാന്മാരെ മാറ്റിയിട്ടുള്ളത്. പലയിടത്തും ഇതേ പടി തുടരുന്നു. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കിയത് സ്വാഭാവിക നടപടിയെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ കാലാവധി കഴിഞ്ഞപ്പോള്‍ മാറ്റാമായിരുന്നല്ലോ? തന്റെ പ്രവര്‍ത്തനത്തിന്റെ മികവ് കൂടി പരിഗണിച്ചാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിച്ചത്. ചലച്ചിത്ര പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ മുഴുവന്‍ നേരിട്ട് കേട്ടയാളാണ് താന്‍. എല്ലാം പാതിവഴിയില്‍ നില്‍ക്കുമ്പോഴാണ് തന്നെ മാറ്റിയത്. എന്ത് അടിയന്തര സാഹചര്യമായിരുന്നു അന്ന് ഉണ്ടായത്? ആശ സമരം പരിഹരിക്കാന്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് സദുദ്ദേശത്തോടെയാണ് താന്‍ പറഞ്ഞത്. അതൊരു വിമര്‍ശനമായിരുന്നില്ലെന്നും പ്രേംകുമാര്‍ പ്രതികരിച്ചു.

Tags: