ഗള്‍ഫില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാന സര്‍വീസുകള്‍
ന്യൂഡല്‍ഹി: ഇറാനെതിരായ ഇസ്രായേല്‍ യുഎസ് ആക്രമണത്തിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. വ്യോമപാതകള്‍ അടച്ചതും നിരവധി രാജ്യാന്തര സര്‍വീസുകള്‍ റദ്ദാക്കിയതും മൂലം ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ഗള്‍ഫ് രാജ്യങ്ങളില്‍ തുടരുന്നത്. ഇവരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാന കമ്പനികളുമായി ചേര്‍ന്ന് പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ പൗരന്മാരെയാകും ആദ്യഘട്ടത്തില്‍ നാട്ടിലെത്തിക്കുക. യുദ്ധഭീതി നിലനില്‍ക്കുന്നതിനാല്‍ പല രാജ്യങ്ങളും തങ്ങളുടെ വ്യോമപാത താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബദല്‍ വ്യോമപാതകള്‍ ഉപയോഗപ്പെടുത്തി സര്‍വീസുകള്‍ നടത്താനാണ് തീരുമാനം. ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് മുന്‍ഗണന നല്‍കുക. അടിയന്തര സാഹചര്യം രൂപപ്പെട്ടാല്‍ കൂടുതല്‍ വിമാനങ്ങള്‍ വിന്യസിക്കാനുള്ള സന്നദ്ധതയുണ്ടെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചത്. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
