ലഡാക്കില്‍ മരണപെട്ട സൈനികന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കായി ജന്മനാട്ടില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കി

Update: 2022-05-28 06:25 GMT

ഹമീദ് പരപ്പനങ്ങാടി

പരപ്പനങ്ങാടി:ലഡാക്കില്‍ നദിയിലേക്ക് ജീപ്പ് മറിഞ്ഞ് മരണപെട്ട പരപ്പനങ്ങാടി സ്വദേശിയായ സൈനികന്‍ എന്‍ പി മുഹമ്മദ് ഷൈജലിന്റെ അന്ത്യകര്‍മ്മള്‍ക്ക് വിപുലമായ സജ്ജീകരണങ്ങള്‍.സൈനിക ബഹുമതികളോടെ അങ്ങാടി മൊഹ്‌യുദ്ധീന്‍ പള്ളി ഖബര്‍സ്ഥാനില്‍ കബറടക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി.

ഇന്നലെയാണ് ലഡാക്കിലെ ഷ്യാക്ക് നദിയിലേക്ക് 26 സൈനികര്‍ സഞ്ചരിച്ച സൈനിക വാഹനം മറിഞ്ഞ് ഷൈജലടക്കമുള്ള ഏഴ് സൈനികര്‍ മരിച്ചത്.മരണപ്പെട്ട സൈനികരുടെ മൃതദേഹങ്ങള്‍ ഇന്ന് പ്രത്യേക സൈനിക വീമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ചതിന് ശേഷം അവരവരുടെ ജന്മസ്ഥലങ്ങളിലേക്ക് അയക്കും.പരപ്പനങ്ങാടി സ്വദേശി ഷൈജലിന്റെ മൃതദേഹം കരിപ്പൂര്‍ വീമാനത്താവളത്തില്‍ എത്തുമെന്നാണ് ഇതുവരെയുള്ള വിവരം.

സൈനിക വാഹനങ്ങളുടേയും മറ്റും അകമ്പടിയോടെ ഷൈജലിന്റെ മൃതദേഹം,ഇദ്ദേഹം പഠിച്ച തിരൂരങ്ങാടിയിലെ യത്തീംഖാനയില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും.ഇതിനുശേഷം പരപ്പനങ്ങാടിയിലെ സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിലും,വീട്ടുവളപ്പിലും പൊതുദര്‍ശനത്തിനു ശേഷം അങ്ങാടി മൊഹ്‌യുദ്ധീന്‍ പള്ളി ഖബര്‍സ്ഥാനില്‍ കബറടക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയതായി ബന്ധുക്കള്‍ അറിയിച്ചു.

ഇന്നലെ ഒമ്പത് മണിയോടെ ഡല്‍ഹിയില്‍ മൃതദേഹങ്ങള്‍ എത്തുമെന്നായിരുന്നു ആദ്യ വിവരം.പക്ഷെ പറഞ്ഞ സമയത്ത് എത്താതിരുന്നത് അന്ത്യ കര്‍മ്മങ്ങള്‍ക്കും സമയ തടസ്സം നേരിടുമെന്ന സംശയം വര്‍ധിച്ചിട്ടുണ്ട്.വൈകുകയാണെങ്കില്‍ നാളെ രാവിലെ സംസ്‌കാര ചടങ്ങുകള്‍ നടക്കാനാണ് സാധ്യതയെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നു.

21 വര്‍ഷത്ത സേവനത്തിന് ശേഷം വിരമിക്കാനിരിക്കെയാണ് ഷൈജല്‍ വിട പറയുന്നത്.ചെറുപ്രായത്തില്‍ തന്നെ കഠിന പരീക്ഷണങ്ങളാണ് കുടുംബം അതിജീവിച്ചത്.തിരൂരങ്ങാടി യത്തീംഖാനയില്‍ അന്തേവാസിയായിരുന്ന മാതാവ് എന്‍ പി സുഹറയെ യത്തീംഖാനയില്‍ നിന്നാണ് പിതാവ് കോട്ടയം സ്വദേശി തച്ചോളി കോയ വിവാഹം കഴിക്കുന്നത്.ഷൈജലടക്കം മൂന്ന് കുട്ടികളാണ് ഇവര്‍ക്കുള്ളത്.പിതാവ് മരണപെട്ടതോടെ വീണ്ടും മാതാവ് സുഹറയും മൂന്ന് കുട്ടികളും യത്തീംഖാനയില്‍ തന്നെ അഭയം തേടി .

1993 ല്‍ യത്തീം ഖാനയില്‍ ഏഴാം ക്ലാസ്സില്‍ ഷൈജല്‍ പഠനം തുടങ്ങി.1996 ല്‍ ഓര്‍ഫനേജ് ഹൈസ്‌കൂളില്‍ നിന്ന് ഉന്നത വിജയത്തോടെ എസ്എസ്എല്‍സി പാസ്സായി, പിന്നീട് പ്രീഡിഗ്രിക്ക് പിഎസ് എംഒ കോളജില്‍ ചേര്‍ന്ന ഇദ്ധേഹം പഠന സമയത്ത് 1996 ലാണ് സൈന്യത്തില്‍ ചേരുന്നത്.സ്‌പോര്‍ട്‌സിലും,എന്‍സിസിയിലും തല്‍പ്പരനായാതിനാല്‍ വേഗത്തില്‍ സൈന്യത്തില്‍ ഇടം പിടിച്ചു.പട്ടാളത്തില്‍ നിന്ന് ലീവിന് വരുമ്പോഴൊക്കെ യത്തീം ഖാനയില്‍ സന്ദര്‍ശനം നടത്താറുണ്ടായിരുന്നു.

അവസാനത്തെ യാത്രക്കും ബാല്യം ചിലവിട്ട യത്തീംഖാനയിലെത്തുന്നത് വിധി നിര്‍ണ്ണയമാണ്.തന്റെ ബാല്യത്തില്‍ അനുഭവിച്ച അതേ അനാഥത്വം പറക്കമുറ്റാത്ത മക്കള്‍ക്കും, ഭാര്യക്കും, കുടുംബത്തിനും നല്‍കിയാണ് ഷൈജലെന്ന പട്ടാളക്കാരന്റെ മടക്കം.

ഭാര്യ: റഹ്മത്ത്,മക്കള്‍:ഫാത്തിമ സന്‍ഹ, തന്‍സില്‍, ഫാത്തിമ മഹസ

Tags:    

Similar News