താരിഖ് റഹ്‌മാന്റെ സത്യപ്രതിജ്ഞയ്ക്ക് സ്പീക്കര്‍ ഓം ബിര്‍ള ഇന്ത്യയെ പ്രതിനിധീകരിക്കും
ചടങ്ങിലേക്ക് നരേന്ദ്ര മോദിയെ ക്ഷണിച്ചിരുന്നെങ്കിലും, മുന്‍കൂട്ടി നിശ്ചയിച്ച ഔദ്യോഗിക പരിപാടികള്‍ ഉള്ളതിനാല്‍ പ്രധാനമന്ത്രിക്ക് പങ്കെടുക്കാന്‍ സാധിക്കില്ല
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന ചടങ്ങില്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള ഇന്ത്യയെ പ്രതിനിധീകരിക്കും. ഫെബ്രുവരി 17ന് ബംഗ്ലാദേശ് പാര്‍ലമെന്റിലെ സൗത്ത് പ്ലാസയില്‍ നടക്കുന്ന ചടങ്ങിലേക്ക് പ്രതിനിധിയായി ഓം ബിര്‍ളയെ നിയോഗിച്ച കാര്യം വിദേശകാര്യമന്ത്രാലയമാണ് അറിയിച്ചത്.
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബിഎന്‍പി നേതൃത്വം ക്ഷണിച്ചിരുന്നു. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച ഔദ്യോഗിക പരിപാടികള്‍ ഉള്ളതിനാല്‍ അദ്ദേഹത്തിന് പങ്കെടുക്കാന്‍ സാധിക്കില്ല. ഫെബ്രുവരി 17ന് മുംബൈയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നടക്കാനിരിക്കുന്ന ഉഭയകക്ഷി ചര്‍ച്ചയുടേയും പിന്നാലെ ഡല്‍ഹിയില്‍ നടക്കുന്ന എഐ ഉച്ചകോടിയില്‍ അധ്യക്ഷത വഹിക്കാനുള്ളതുകൊണ്ടാണ് മോദി പങ്കെടുക്കാതിരിക്കുന്നതെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ പ്രതിനിധിയായി സ്പീക്കറെ നിയോഗിക്കാന്‍ തീരുമാനിച്ചത്.
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദവും ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും അടിവരയിടുന്നതാണ് സ്പീക്കറുടെ സാന്നിധ്യമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. താരീഖ് റഹ്‌മാന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശ് ഒരു തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിലേക്ക് മാറുന്നതിനെ ഇന്ത്യ സ്വാഗതം ചെയ്യുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഷെയ്ഖ് ഹസീന സര്‍ക്കാരിന്റെ പതനത്തിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നിലനിന്നിരുന്ന അനിശ്ചിതത്വങ്ങള്‍ പരിഹരിക്കാനുള്ള സുപ്രധാന നീക്കമായാണ് ഈ നയതന്ത്ര ഇടപെടല്‍ വിലയിരുത്തപ്പെടുന്നത്.
ബംഗ്ലാദേശ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയതിനു പിന്നാലെ നരേന്ദ്ര മോദി താരിഖ് റഹ്‌മാനെ അഭിനന്ദിച്ച് ഫോണില്‍ സംസാരിച്ചിരുന്നു. ഈ വിജയം ബംഗ്ലാദേശിലെ ജനങ്ങള്‍ക്ക് താരിഖ് റഹ്‌മാന്റെ നേതൃത്വത്തോടുള്ള വിശ്വാസത്തെ കാണിക്കുന്നുവെന്നും ജനാധിപത്യ ബംഗ്ലാദേശിനുള്ള പിന്തുണ ഇന്ത്യ തുടരുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. താരിഖുമായി സംസാരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും തിരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ വിജയത്തില്‍ അദ്ദേഹത്തെ അഭിനന്ദിച്ചുവെന്നും പ്രധാനമന്ത്രി ഇന്നലെ എക്‌സില്‍ കുറിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ സമീപനത്തിന് നന്ദി പറഞ്ഞുകൊണ്ട് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും രംഗത്തെത്തിയിരുന്നു. ബഹുമാനപ്പെട്ട നരേന്ദ്ര മോദി, വളരെ നന്ദി. ദേശീയ തിരഞ്ഞെടുപ്പില്‍ ബിഎന്‍പിയുടെ നിര്‍ണായക വിജയം ഉറപ്പാക്കുന്നതില്‍ താരിഖ് റഹ്‌മാന്റെ നേതൃത്വത്തെ അംഗീകാരിച്ചതില്‍ നന്ദി പ്രകടിപ്പിക്കുന്നുവെന്ന് എക്‌സിലൂടെ പാര്‍ട്ടി വ്യക്തമാക്കി.
പതിനെട്ട് മാസം നീണ്ട മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിനുശേഷമാണ് ബംഗ്ലാദേശ് വീണ്ടും ജനാധിപത്യ ഭരണത്തിലേക്ക് മടങ്ങുന്നത്. 300 അംഗ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷമായ 151 സീറ്റും കടന്നാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ മുന്നേറ്റം. ജമാഅത്തെ ഇസ് ലാമി സഖ്യം 70 ഓളം സീറ്റുകളില്‍ ഒതുങ്ങി. ബംഗ്ലാദേശ് മുന്‍പ്രസിഡന്റ് സിയാവൂര്‍ റഹ്‌മാന്റെയും ഖാലിദാ സിയുടെയും മകനാണ് താരിഖ് റഹ്‌മാന്‍. 60 വയസുള്ള താരിഖ് റഹ്‌മാന്‍ 17 വര്‍ഷത്തെ യുകെ ജീവിതത്തിന് ശേഷമാണ് ബംഗ്ലാദേശിലേക്ക് തിരിച്ചെത്തിയത്. 60.69 ശതമാനം പോളിങ്ങാണ് തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന് തിരഞ്ഞെടുപ്പില്‍ വിലക്കുണ്ടായിരുന്നതിനാല്‍ മല്‍സരിച്ചിരുന്നില്ല.

