സ്റ്റാര്‍ലിങ്ക് പദ്ധതി; 10,000 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിച്ച് സ്‌പേസ് എക്സ് ചരിത്രം സൃഷ്ടിച്ചു
കാലിഫോര്‍ണിയ: ബഹിരാകാശത്തില്‍ മറ്റൊരു വലിയ നേട്ടം കുറിച്ച് ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ്. സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് പദ്ധതിയുടെ ഭാഗമായി വിക്ഷേപിച്ച ഉപഗ്രഹങ്ങളുടെ എണ്ണം ഇപ്പോള്‍ 10,000 കടന്നു. ഒക്ടോബര്‍ 19നു കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബര്‍ഗ് സ്പേസ് ഫോഴ്സ് ബേസില്‍ നിന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റ് പറന്നുയര്‍ന്നതോടെയാണ് ഇത് ചരിത്ര നിമിഷമായത്.
2018ല്‍ ടിന്‍ടിന്‍ എ, ടിന്‍ടിന്‍ ബി എന്നീ രണ്ട് ചെറിയ ഉപഗ്രഹങ്ങളോടെയാണ് സ്റ്റാര്‍ലിങ്ക് യാത്ര ആരംഭിച്ചത്. ഇന്ന്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് ബഹിരാകാശത്തിലൂടെ ഇന്റര്‍നെറ്റ് എത്തിക്കുന്ന നെറ്റ്വര്‍ക്ക് ആവുകയാണ്. ഇതുവരെ വിക്ഷേപിച്ച ഉപഗ്രഹങ്ങളില്‍ ഏകദേശം 8,600 എണ്ണം ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്. ഓരോ ഉപഗ്രഹത്തിനും ശരാശരി അഞ്ചുവര്‍ഷം ആയുസുണ്ട്.
2024ല്‍ മാത്രം സ്പേസ് എക്സ് 89 സ്റ്റാര്‍ലിങ്ക് ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍, ഈ വര്‍ഷം അതിലധികം ദൗത്യങ്ങള്‍ ഇതിനകം നടന്നു കഴിഞ്ഞു. നിലവില്‍ 12,000 ഉപഗ്രഹങ്ങള്‍ വിന്യസിക്കാന്‍ അനുമതി ലഭിച്ചിരിക്കുന്ന സ്പേസ് എക്സ്, ഭാവിയില്‍ 30,000ത്തിലധികം സാറ്റ്ലൈറ്റുകള്‍ ലക്ഷ്യമിടുകയാണ്.