യുവതിയോട് മോശമായി പെരുമാറിയതായി പരാതി; തിരുവനന്തപുരത്ത് സ്പാ അടച്ചുപൂട്ടി

Update: 2026-02-08 16:36 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്പാ അടച്ചുപൂട്ടി. സ്പാ നടത്തിപ്പുകാര്‍ മോശമായി പെരുമാറിയെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലിസ് പരിശോധന നടത്തിയത്. സ്പായിലെ ജീവനക്കാര്‍ക്ക് ആവശ്യമായ യോഗ്യതയില്ലെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി. സെക്രട്ടറിയേറ്റിനു മുന്‍വശത്തുള്ള ക്യാപിറ്റല്‍ ടവര്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്പര്‍ശന്‍ വെല്‍നെസ് സ്പായിലാണ് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്.

സ്പര്‍ശന്‍ വെല്‍നെസ് സ്പായില്‍ ശനിയാഴ്ച വൈകുന്നേരം ഒരു ഇന്റര്‍വ്യൂ നടന്നിരുന്നു. ഇന്റര്‍വ്യൂ കഴിഞ്ഞ ശേഷം, ജോലിയുടെ ഭാഗമായി ചില തെറ്റായ കാര്യങ്ങളിലും കൂടി ഭാഗമാകേണ്ടി വരുമെന്ന് സ്പാ അധികൃതര്‍ ആവശ്യപ്പെട്ടതായി പെണ്‍കുട്ടി പറയുന്നു. 'ഇന്റര്‍വ്യൂ നടത്തിയ ജീവനക്കാരടക്കം പെരുമാറിയത് വളരെ മോശമായ രീതിയിലാണ്. ജോലിയുടെ ഭാഗമായി ചെയ്യേണ്ടിവരുന്ന കാര്യങ്ങളെക്കുറിച്ചു പറയുന്നതിനിടെ മോശം പെരുമാറ്റമാണ് നേരിടേണ്ടിവന്നത്.' പെണ്‍കുട്ടി പരാതിപ്പെട്ടതായി പോലിസ് പറയുന്നു.

സ്ഥാപനത്തില്‍നിന്ന് ഇറങ്ങിയ ശേഷം പെണ്‍കുട്ടി പോലിസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അധികൃതര്‍ സ്പര്‍ശന്‍ വെല്‍നെസ് സ്പായില്‍ മിന്നല്‍ പരിശോധന നടത്തിയത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് പരിശോധനാ സംഘം സ്പായില്‍ എത്തിയത്. ക്രോസ് മസാജിങ് അടക്കമുള്ള കാര്യങ്ങള്‍ക്ക് കേരളത്തില്‍ അനുമതിയില്ല. ഈ നിയമവും സ്പര്‍ശന്‍ വെല്‍നെസ് സ്പാ നടത്തിപ്പുകാര്‍ പാലിച്ചിട്ടില്ല. ഇതിനുപിന്നാലെയാണ് ബന്ധപ്പെട്ട അധികാരികള്‍ സ്പാ അടച്ചുപൂട്ടിയത്.