
ന്യൂഡല്‍ഹി: മുസ്‌ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാനുള്ള നിയമത്തെ ചോദ്യം ചെയ്ത് സംഭല്‍ എംപി സിയാവുര്‍ റഹ്മാന്‍ ബര്‍ഖ് സുപ്രിംകോടതിയെ സമീപിച്ചു. പരസ്യമായ ഭരണഘടനാ ലംഘനമാണ് നിയമമെന്ന് ഹരജി പറയുന്നു. പുതിയ നിയമം നിയമത്തിന് മുമ്പില്‍ തുല്യത വിഭാവനം ചെയ്യുന്ന ഭരണഘടനയുടെ 14ാം അനുഛേദത്തിനും മതസ്വാതന്ത്ര്യം വിഭാവനം ചെയ്യുന്ന 25,26 അനുഛേദങ്ങളുടെയും ലംഘനമാണെന്ന് ഹരജിയില്‍ ബര്‍ഖ് ചൂണ്ടിക്കാട്ടി.
സംഭല്‍ ശാഹി ജമാ മസ്ജിദ് ഹിന്ദുക്ഷേത്രമാണെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ നല്‍കിയ ഹരജിയെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ആറു മുസ്‌ലിംകളെ പോലിസ് വെടിവച്ചു കൊന്നിരുന്നു. ഈ സംഭവത്തില്‍ പ്രതികളായ പോലിസുകാര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം സംഭലിലെ മുസ്‌ലിംകളെയാണ് പോലിസ് വേട്ടയാടുന്നത്. സംഘര്‍ഷത്തില്‍ പങ്കുണ്ടെന്നാരോപിച്ച് സിയാവുര്‍ റഹ്മാനെ ഇന്നലെ പോലിസ് ചോദ്യം ചെയ്തിരുന്നു.