ഇലക്ട്രിക് വാഹനങ്ങൾക്ക് ശബ്ദം നിർബന്ധം; 2026 മുതൽ പുതിയ നിയമം

Update: 2025-09-28 08:35 GMT

ന്യൂഡല്‍ഹി: റോഡുകളില്‍ നിശ്ശബ്ദ സവാരിക്ക് ഇനി വിരാമം. ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ യാത്ര ശബ്ദമില്ലാതെ പോകുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നുവെന്ന വിലയിരുത്തലിനെ തുടര്‍ന്ന്, കേന്ദ്രം വാഹനങ്ങളില്‍ ശബ്ദസംവിധാനം നിര്‍ബന്ധമാക്കുന്നു.
ഇതിനായി കേന്ദ്ര മോട്ടോര്‍വാഹന ചട്ടങ്ങളില്‍ ഭേദഗതി വരുത്താനുള്ള കരടുവിജ്ഞാപനം പുറത്തിറക്കി. വാഹനം സഞ്ചരിക്കുമ്പോള്‍ നിശ്ചിത ശബ്ദം പുറപ്പെടുവിക്കുന്ന അക്കൂസ്റ്റിക് വെഹിക്കിള്‍ അലര്‍ട്ടിങ് സിസ്റ്റം (എവിഎഎസ്) പുതിയ മോഡലുകളിലെല്ലാം ഉള്‍പ്പെടുത്താനാണ് നിര്‍ദേശം.
2026 ഒക്‌ടോബര്‍ 1 മുതല്‍ വിപണിയിലെത്തുന്ന പുതിയ മോഡലുകളില്‍ എവിഎഎസ് നിര്‍ബന്ധമാകും. തുടര്‍ന്ന് 2027 ഒക്‌ടോബര്‍ 1 മുതല്‍ നിലവില്‍ വില്‍ക്കുന്ന എല്ലാ മോഡലുകളിലും സംവിധാനം ഉള്‍പ്പെടുത്തണം. ഇപ്പോഴും ചില കമ്പനികളുടെ വാഹനങ്ങളില്‍ എവിഎഎസ് സജ്ജീകരിച്ചിട്ടുണ്ടെങ്കിലും, പൊതുവെ ഇത് വ്യാപകമല്ല. യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ഇതിനകം സംവിധാനം നടപ്പാക്കിയിട്ടുണ്ട്.

Tags: