രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസിനെ പിന്തുണച്ച് സോണിയ ഗാന്ധി
പിന്തുണയുടെ കാരണം വിശദീകരിച്ച് ജോണ്‍ ബ്രിട്ടാസ്
ന്യൂഡല്‍ഹി: രാജ്യസഭയില്‍ സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് നടത്തിയ പ്രസംഗത്തിന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പിന്തുണ. തൊഴിലാളികള്‍, കര്‍ഷകര്‍, യുവാക്കള്‍ എന്നിവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ എന്നിവയെ കുറിച്ച് നടത്തിയ പ്രസംഗത്തോടാണ് പരസ്യമായി യോജിപ്പ് പ്രകടിപ്പിച്ച് സോണിയ ഗാന്ധി രംഗത്തെത്തിയത്.
രാജ്യസഭയിലെ ശൂന്യവേളയിലായിരുന്നു ബ്രിട്ടാസിന്റെ പ്രസംഗം. തൊഴിലാളികള്‍, കര്‍ഷകര്‍, യുവാക്കള്‍ എന്നിവര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ഇന്ത്യ-യുഎസ് വ്യാപാര കരാറിനെ കുറിച്ചുമായിരുന്നു ജോണ്‍ ബ്രിട്ടാസ് പ്രസംഗിച്ചത്. ഈ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ നിലപാടിനോട് പൂര്‍ണ്ണമായും യോജിക്കുന്നുവെന്ന് സോണിയ ഗാന്ധി അറിയിക്കുകയായിരുന്നു.
സിപിഎം എംപി ഉന്നയിച്ച വിഷയങ്ങളോട് അനൂല നിലപാട് സ്വീകരിക്കുകയായിരുന്നു സോണിയ. നിലപാടിനോട് പൂര്‍ണ്ണമായും യോജിക്കുന്നുവെന്ന് സോണിയ ഗാന്ധി രേഖാമൂലം തന്നെ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി രാജ്യസഭാ സെക്രട്ടറിയേറ്റിന് കത്തും സോണിയ നല്‍കി. സാധാരണയായി മറ്റ് അംഗങ്ങള്‍ ഉന്നയിക്കുന്ന വിഷയങ്ങളോട് സോണിയ ഗാന്ധി ഇത്തരത്തില്‍ പരസ്യമായോ ഔദ്യോഗികമായോ യോജിപ്പ് പ്രകടിപ്പിക്കാറില്ല എന്നതുകൊണ്ട് തന്നെ ഈ നടപടിക്ക് വലിയ പ്രാധാന്യമുണ്ട്. കോണ്‍ഗ്രസിന്റെ ഉപനേതാവായ പ്രമോദ് തിവാരിയാണ് ഈ വിവരം ബ്രിട്ടാസിനെ നേരിട്ട് അറിയിച്ചത്. സോണിയ ഗാന്ധി ബ്രിട്ടാസിന്റെ പ്രസംഗത്തോട് പൂര്‍ണ്ണമായും യോജിക്കുന്നുവെന്നും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയതോടെയാണ് ഈ വിവരം പുറത്തുവന്നത്.
താന്‍ ആരോടും പിന്തുണ ആവശ്യപ്പെട്ടിരുന്നില്ലെന്നും സോണിയ ഗാന്ധി സ്വമേധയാ മുന്നോട്ട് വരികയായിരുന്നുവെന്നുമാണ് ബ്രിട്ടാസ് ഇതിനോട് പ്രതികരിച്ചത്. ഈ നടപടി കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കുള്ള ഒരു സന്ദേശമാണെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ഇന്ത്യ മുന്നണിയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ ഇത്തരം യോജിപ്പിന്റെ തലങ്ങള്‍ സ്വാഭാവികമാണ്, എന്നാല്‍ ജനകീയ വിഷയങ്ങള്‍ക്ക് മതിയായ ശ്രദ്ധ നല്‍കാത്ത കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സോണിയ ഗാന്ധിയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
