കുടുംബ വഴക്കിനിടെ മകന്‍ പിതാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

Update: 2026-02-10 04:12 GMT

തൊടുപുഴ: കുടുംബ വഴക്കിനെ തുടര്‍ന്ന് മകന്‍ പിതാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഇടുക്കി ഉടുമ്പന്നൂര്‍ സ്വദേശി അമയപ്ര നെടുമറ്റത്തിന്‍കരയില്‍ വേലപ്പനാണ്(75)മരിച്ചത്. മകന്‍ രാജേഷിനെ(45)കരിമണ്ണൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പ്രതിയായ രാജേഷ് പൂപ്പാറയിലാണ് താമസിക്കുന്നത്. നാലു ദിവസം മുന്‍പ് ഇയാള്‍ സഹോദരന്റെ വീട്ടില്‍ താമസിക്കുന്നതിനായി എത്തിയിരുന്നു. സഹോദരന്റെ വീട്ടിലാണ് വേലപ്പന്‍ താമസിക്കുന്നത്. കഴിഞ്ഞ നാലുദിവസവും പ്രതി പിതാവിനും സഹോദരനുമൊപ്പം ഈ വീട്ടില്‍ ഉണ്ടായിരുന്നു.

സംഭവദിവസം മദ്യപിച്ച് വീട്ടിലെത്തിയ രാജേഷ് വേലപ്പനുമായി വാക്കേറ്റത്തിലേര്‍പ്പെട്ടിരുന്നു. ഈ സമയം വീട്ടില്‍ വേലപ്പന്റെ ഭാര്യ അമ്മിണിയും മൂത്തമകന്‍ രാജീവിന്റെ ഭാര്യയും മറ്റൊരു ബന്ധുവുമാണ് ഉണ്ടായിരുന്നത്. വാക്കേറ്റം കൈയാങ്കളിയിലേക്ക് മാറി. ഇതിനിടെ രാജേഷ് കൈയില്‍ കിട്ടിയ കല്ല് ഉപയോഗിച്ച് വേലപ്പന്റെ തലയ്ക്കടിച്ചു. ഇയാള്‍ ബോധരഹിതനായി നിലത്തുവീണതോടെ വീട്ടിലുണ്ടായിരുന്നവര്‍ ബഹളംവെക്കുകയായിരുന്നു.

അയല്‍ക്കാര്‍ വീട്ടിലേക്ക് ഓടിയെത്തി വേലപ്പനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും രാജേഷ് ആരേയും വീട്ടിലേക്ക് അടുക്കാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് സ്ഥലത്തെത്തിയ പഞ്ചായത്തംഗം ജോണ്‍സന്‍ കരിമണ്ണൂര്‍ പോലിസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലിസെത്തി ഗുരുതര പരിക്കേറ്റ വേലപ്പനെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി അതീവ ഗുരുതരമായതിനാല്‍ വിദഗ്ധ ചികില്‍സക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ഇതിനായി ഡോക്ടര്‍ തന്നെ 108 ആംബുലന്‍സ് വിളിച്ച് വരുത്തുകയും ചെയ്തു. എന്നാല്‍ ഓക്സിജന്‍ സൗകര്യമുള്ള ആംബുലന്‍സ് എത്തിയില്ലെന്നു പറഞ്ഞ് തര്‍ക്കമുണ്ടാവുകയും ഇതിനിടെ വേലപ്പന്‍ രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു.

സംഭവത്തില്‍ ആശുപത്രി അധിക്യതരുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് സൂപ്രണ്ട് ഡോ പി എന്‍ അജി പറഞ്ഞു. പരിക്കേറ്റ വേലപ്പന് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷമാണ് വിദഗ്ധ ചികില്‍സക്കായി കോട്ടയത്തേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചത്. ഇതിനായി 108 ആംബുലന്‍സ് വിളിച്ച് നല്‍കുകയും ചെയ്തു. ആംബുലന്‍സ് ബന്ധപ്പെട്ട് ആശുപത്രിക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി. വേലപ്പനെ ആംബുലന്‍സില്‍ കയറ്റാത്ത സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.