പ്രണയവിവാഹം കഴിച്ചതിന്റെ പേരില്‍ വീട്ടുകാര്‍ ഒഴിവാക്കി; മാതാപിതാക്കളെ കൊന്ന് പുഴയിലെറിഞ്ഞ് മകന്‍

Update: 2025-12-19 08:05 GMT

ജോനാപൂര്‍: പ്രണയവിവാഹം കഴിച്ചതിന്റെ പേരില്‍ വീട്ടുകാര്‍ ഒഴിവാക്കിയതില്‍ മനംനൊന്ത മകന്‍ മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ അഹ്‌മദാപൂര്‍ സ്വദേശിയായ അംബേഷ് ആണ് മാതാപിതാക്കളെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി പുഴയിലെറിഞ്ഞത്. അഞ്ച് ദിവസമായി മാതാപിതാക്കളെ കാണാനില്ലെന്ന പരാതിയില്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്.

അംബേഷ് കൊല്‍ക്കത്തയില്‍ വച്ചാണ് മുസ് ലിം യുവതിയെ വിവാഹം കഴിച്ചത്. എന്നാല്‍ മുസ് ലിം യുവതിയെ കല്യാണം കഴിച്ചതിന്റെ പേരില്‍ വീട്ടുകാര്‍ ഇയാളെ വീട്ടില്‍ കയറ്റിയില്ല. വിവാഹബന്ധം വേര്‍പെടുത്തണമെന്ന് അവര്‍ നിര്‍ബന്ധിച്ചതോടെ അംബേഷ് ഭാര്യയുമായി കൊല്‍ക്കത്തയിലേക്ക് തന്നെ മടങ്ങി. അവിടെ സ്ഥിരതാമസമാക്കിയ ഇവര്‍ക്ക് രണ്ട് കുട്ടികള്‍ ജനിച്ചു.

എന്നാല്‍ സാമ്പത്തിക ബാധ്യത വരാന്‍ തുടങ്ങിയതോടെ വിവാഹ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ തുടങ്ങി. ഇതോടെ, ഇയാള്‍ പണത്തിനായി മാതാപിതാക്കളെ സമീപിച്ചു. എന്നാല്‍ ഇത് നിരസിച്ച മാതാപിതാക്കളുമായി ഇയാള്‍ വഴക്കിടുകയും കലഹം കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. ഇരുമ്പുവടി കൊണ്ടാണ് ഇയാള്‍ അമ്മയുടെ തലയ്ക്കടിച്ചത്. പിതാവിനെ കഴുത്തില്‍ കയറുമുറുക്കിയും കൊലപ്പെടുത്തി.

കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാന്‍ അംബേഷ് അവലംബിച്ചത് സിനിമകളെ വെല്ലുന്ന ക്രൂരമായ രീതിയായിരുന്നു. വീട്ടില്‍ നിര്‍മ്മാണ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന ആറ് സിമന്റ് ചാക്കുകള്‍ ഇയാള്‍ ഇതിനായി ഉപയോഗിച്ചു. ചെയിന്‍സോ ഉപയോഗിച്ച് മാതാപിതാക്കളുടെ മൃതദേഹങ്ങള്‍ മൂന്ന് കഷണങ്ങളാക്കി മുറിച്ചു. ആറ് ചാക്കുകളിലായി ഈ ശരീരഭാഗങ്ങള്‍ നിറച്ചു. തിരിച്ചറിയാതിരിക്കാന്‍ ചാക്കുകളില്‍ പകുതിയോളം സിമന്റ് തന്നെ നിറച്ചാണ് ഇയാള്‍ പാക്ക് ചെയ്തത്. രക്തക്കറകള്‍ വൃത്തിയാക്കിയ ശേഷം കാറില്‍ കയറ്റിയ ചാക്കുകളില്‍ അഞ്ചെണ്ണം ഗോമതി പുഴയിലും, ഒന്ന് സായി നദിയിലുമായി ഉപേക്ഷിച്ചു.

Tags: