കൊല്ലം: ഭാര്യ പിണങ്ങിപ്പോയതിനു കാരണക്കാരനാണെന്ന് പറഞ്ഞ് സ്വന്തം അച്ഛനെ കൊന്ന മകനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കരുനാഗപ്പള്ളി കുലശേഖരപുരം കോട്ടയ്ക്കപുറം മുറിയില്‍ കൃഷ്ണഭവനം കൃഷ്ണന്‍കുട്ടിനായരെ കൊന്ന കേസില്‍ മകന്‍ ആശാകൃഷ്ണനെ(43)യാണ് ശിക്ഷിച്ചത്. 2023 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ ഭാര്യ പിണങ്ങിപ്പോയതിനു കാരണം അച്ഛനാണെന്നു പറഞ്ഞ് വഴക്കിട്ടു. മാപ്പുപറഞ്ഞ് ഭാര്യയെ വിളിച്ചുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. കൃഷ്ണന്‍കുട്ടിനായര്‍ അതിനെ എതിര്‍ത്തു. തുടര്‍ന്ന് പ്രതി അച്ഛനെ മര്‍ദിക്കുകയും ഫ്രയിങ് പാന്‍കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. അടിയേറ്റ് കൃഷ്ണന്‍കുട്ടിനായരുടെ തലയോട്ടി പൊട്ടി. നിലത്തിട്ടു ചവിട്ടി വാരിയെല്ലും പൊട്ടിയതിനെ തുടര്‍ന്ന് മരിച്ചു.
തടസ്സംപിടിക്കാന്‍ ചെന്ന അമ്മ ശ്യാമളയമ്മയ്ക്കും മര്‍ദനമേറ്റിരുന്നു. കേസില്‍ ദൃക്‌സാക്ഷിയായ ശ്യാമളയമ്മ വിചാരണ തുടങ്ങുംമുന്‍പ് മരണപ്പെട്ടു. സാഹചര്യത്തെളിവിന്റെയും ശാസ്ത്രീയ തെളിവിന്റെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.