ആഡംബര ബൈക്ക് വാങ്ങി നല്‍കാത്തതിന് മാതാപിതാക്കളെ ആക്രമിക്കുന്നതിനിടെ പിതാവിന്റെ അടിയേറ്റ മകന്‍ മരിച്ചു
തിരുവനന്തപുരം: ആഡംബര ബൈക്ക് വാങ്ങാന്‍ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് മാതാപിതാക്കളെ ആക്രമിച്ച മകന്‍ പിതാവിന്റെ അടിയേറ്റ് ചികില്‍സയിലിരിക്കെ മരിച്ചു. വഞ്ചിയൂര്‍ കുന്നുംപുറം തോപ്പില്‍ നഗര്‍ പൗര്‍ണമിയില്‍ ഹൃദ്ദിക്കാണ്(28)മരിച്ചത്. നേരത്തെ മകന്റെ വാശിയെ തുടര്‍ന്ന് വീട്ടുകാര്‍ വായ്പയെടുത്ത് 12 ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി നല്‍കിയിരുന്നു. എന്നാല്‍, ഒക്ടോബര്‍ 21ന് തന്റെ ജന്മദിനത്തിനുമുമ്പ് 50 ലക്ഷത്തിന്റെ ആഡംബര ബൈക്ക് കൂടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഹൃദ്ദിക് മാതാപിതാക്കളോട് തര്‍ക്കിച്ചത്.
ഒക്ടോബര്‍ ഒന്‍പതിനായിരുന്നു സംഭവം. പണം ആവശ്യപ്പെട്ട് ഹൃദ്ദിക് പിതാവിനെ വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇതോടെ വിനയാനന്ദന്‍ മകനെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ബോധമറ്റ ഹൃദ്ദിഖിനെ പിതാവ് തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹൃദ്ദിഖ് മെഡിക്കല്‍ കോളേജില്‍ ഐസിയുവില്‍ ചികില്‍സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരിച്ചത്.
ഹൃദ്ദിഖ് മാതാപിതാക്കളെ ആക്രമിക്കുന്നത് പതിവായിരുന്നുവെന്ന് പോലിസ് പറഞ്ഞു. വഞ്ചിയൂരില്‍ കുടുംബം വാടകയ്ക്കാണ് താമസിച്ചിരുന്നത്. വിനയാനന്ദനെ വഞ്ചിയൂര്‍ പോലിസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടിരുന്നു. വിനയാനന്ദനെതിരേ കൊലക്കുറ്റം ചുമത്തും. കുന്നുംപുറത്ത് കഫെറ്റീരിയ നടത്തുകയാണ് ഇദ്ദേഹം. ബെംഗളൂരുവില്‍ കാറ്ററിങ് ടെക്നോളജി പഠിച്ചിറങ്ങിയ ഹൃദ്ദിക് ഏക മകനായിരുന്നു. മാതാവ്: അനുപമ. പോസ്റ്റുമോര്‍ട്ടത്തിനുശേഷം കാലടിയിലെ കുടുംബവീട്ടിലെത്തിച്ച മൃതദേഹം സംസ്‌കരിച്ചു.