മാവേലിക്കരയില്‍ അമ്മയെ മര്‍ദിച്ചു കൊലപ്പെടുത്തിയ മകന്‍ പിടിയില്‍

കല്ലുമല പുതുച്ചിറ സ്വദേശി കനകമ്മ സോമരാജന്‍(69)ആണ് കൊല്ലപ്പെട്ടത്. മകന്‍ കൃഷ്ണദാസിനെ(39) പോലിസ് കസ്റ്റഡിയിലെടുത്തു

Update: 2025-12-08 12:21 GMT

ആലപ്പുഴ: മാവേലിക്കരയില്‍ അമ്മയെ മകന്‍ മര്‍ദിച്ചു കൊലപ്പെടുത്തി. കല്ലുമല പുതുച്ചിറ സ്വദേശിനിയും മാവേലിക്കര നഗരസഭ മുന്‍ സിപിഐ കൗണ്‍സിലറുമായ കനകമ്മ സോമരാജന്‍(69)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഏക മകന്‍ കൃഷ്ണദാസിനെ(39) പോലിസ് കസ്റ്റഡിയിലെടുത്തു. അമ്മയും മകനുമായി നിരന്തരം പ്രശ്‌നങ്ങളുണ്ടായിരുന്നതായി പോലിസ് പറയുന്നു.

കൃഷ്ണദാസിന്റെ ഭാര്യ പിണങ്ങിപ്പോയിരുന്നു. ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അമ്മയാണെന്ന് പറഞ്ഞാണ് ഇയാള്‍ അമ്മയെ മര്‍ദിച്ചിരുന്നത്. മദ്യപിക്കുന്നതിനായി പണം ആവശ്യപ്പെട്ടും ഇയാള്‍ അമ്മയെ മര്‍ദിക്കാറുണ്ടായിരുന്നു. ഇന്നലെയും ഇത്തരത്തിലാണ് പ്രശ്‌നങ്ങളുണ്ടായതെന്നാണ് വിവരം. തുടര്‍ന്നാണ് മര്‍ദിച്ചത്. വീട്ടില്‍ നിന്ന് ഇടക്കിടെ ബഹളം കേള്‍ക്കുന്നതിനാല്‍ നാട്ടുകാര്‍ ശ്രദ്ധിച്ചില്ലെന്നാണ് പോലിസ് പറയുന്നത്.

ഇന്ന് രാവിലെയാണ് അമ്മയ്ക്ക് അനക്കമില്ലെന്നും അമ്മയെ താന്‍ മര്‍ദിച്ചിരുന്നുവെന്നും കൃഷ്ണദാസ് തന്നെ നാട്ടുകാരെ വിളിച്ച് അറിയിച്ചത്. തുടര്‍ന്ന് പോലിസും ജനപ്രതിനിധികളും വീട്ടിലേക്കെത്തുകയും കനകമ്മ മരിച്ചുകിടക്കുന്നതും കണ്ടത്. മകന്റെ മര്‍ദനമേറ്റാണ് കനകമ്മ മരിച്ചെന്ന് പോലിസ് വ്യക്തമാക്കുന്നു. കൃഷ്ണദാസിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പോലിസ് അറിയിച്ചു. മുന്‍പ് പലതവണ പരാതി നല്‍കുകയും പോലിസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു.

Tags: