ഒറ്റപ്പനയിലെ കൊലപാതകത്തില്‍ പിതാവിനെ വ്യാജമായി പ്രതിചേര്‍ത്തെന്ന് മകന്‍; അപകീര്‍ത്തികരമായ പ്രചാരണവും നടത്തി
ആലപ്പുഴ: മണ്ണഞ്ചേരി സ്വദേശി അബൂബക്കറിനെ കൊലപാതകക്കേസില്‍ വ്യാജമായി പ്രതിചേര്‍ത്തതിനെതിരേ കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. തോട്ടപ്പള്ളി ഒറ്റപ്പനയില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സ്ത്രീ കൊല്ലപ്പെട്ട കേസില്‍ പോലിസ് അറസ്റ്റ് ചെയ്ത അബൂബക്കര്‍ ഇപ്പോഴും ജയിലിലാണ്. എന്നാല്‍, ഈ കേസില്‍ മറ്റു രണ്ടു പേരാണ് പ്രതികളെന്ന് പോലിസ് പിന്നീട് വെളിപ്പെടുത്തി. അബൂബക്കര്‍ കുറ്റംസമ്മതിച്ചുവെന്ന മൊഴി നേരത്തെ പോലിസ് രേഖപ്പെടുത്തിയിരുന്നു. കസ്റ്റഡിയില്‍ ഇരിക്കെ അബൂബക്കറിനെ മര്‍ദ്ദിച്ച് മൊഴി രേഖപ്പെടുത്തിയതാണെന്ന ആരോപണവും ഉയരുന്നുണ്ട്.
തന്റെ പിതാവ് അബൂബക്കര്‍ നിരപരാധിയാണെന്ന് മകന്‍ റാഷിം മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയ ശേഷം പോലിസ് അബൂബക്കറിനെ പ്രതിയാക്കുകയായിരുന്നുവെന്ന് റാഷിം പറഞ്ഞു. പിതാവിനെതിരെ പോലിസ് തെളിവുകള്‍ കെട്ടിചമക്കാന്‍ ശ്രമിച്ചു. കത്തുനല്‍കാനാണ് സംഭവ ദിവസം പിതാവ് വയോധികയുടെ വീട്ടില്‍ പോയത്. എന്നാല്‍, ഇക്കാര്യം വച്ച് പോലിസ് പ്രതിയാക്കി. ലോക്കല്‍ പോലിസ് അന്വേഷിച്ചാല്‍ സത്യംപുറത്തുവരില്ലെന്നും അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും പരാതി പറയുന്നു.