വീടുകളിലെ സോളാര്‍: ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ചട്ടങ്ങള്‍ക്കെതിരേ ഹൈക്കോടതിയില്‍ ഹരജി.
കൊച്ചി: വീടുകളില്‍ സോളാര്‍ സ്ഥാപിക്കുന്നതിന്റെ ഗുണഫലങ്ങള്‍ ഇല്ലാതാക്കുന്ന കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ചട്ടങ്ങള്‍ക്കെതിരേ ഹൈക്കോടതിയില്‍ ഹരജി. ഡൊമസ്റ്റിക് ഓണ്‍-ഗ്രിഡ് സോളാര്‍ പവര്‍ പ്രോസ്യൂമേഴ്സ് ഫോറം പ്രസിഡന്റ് എം അബ്ദുല്‍ സത്താറിന്റെ നേതൃത്വത്തിലാണ് ഹരജി നല്‍കിയിരിക്കുന്നത്. സര്‍ക്കാരും വൈദ്യുതി ബോര്‍ഡും സോളാര്‍ എനര്‍ജിയെ പ്രോത്സാഹിപ്പിച്ചപ്പോള്‍, ആയിരക്കണക്കിന് ജനങ്ങള്‍ സ്വന്തം വീട്ടില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പിന്നീട് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ പുറത്തിറക്കിയ പുതിയ ഡ്രാഫ്റ്റ് ചട്ടങ്ങള്‍, വീട്ടുസോളാറിന്റെ സാമ്പത്തിക പ്രയോജനം ഇല്ലാതാക്കുന്ന തരത്തിലായിരുന്നു. അതിനാല്‍ പവര്‍ പര്‍ച്ചേസ് എഗ്രിമെന്റുകളില്‍ സിബിഐ അന്വേഷണം വേണം, കരട് ചട്ടങ്ങള്‍ അന്തിമമാക്കുന്നത് തടയുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.