ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ സൊഹ്റാന്‍ മംദാനിക്ക് ജയം
ന്യൂയോര്‍ക്കിന്റെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി 34കാരനായ സൊഹ്റാന്‍ മംദാനി
വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജനും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ സൊഹ്റാന്‍ മംദാനിക്ക് ജയം. 34 കാരനായ മംദാനി തിരഞ്ഞെടുക്കപ്പെട്ടതോടെ ന്യൂയോര്‍ക്കിന്റെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ ഗവര്‍ണറുമായ ആന്‍ഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കന്‍ നോമിനി കര്‍ട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് മംദാനിയുടെ ചരിത്രജയം.
1969ന് ശേഷം ഏറ്റവുമധികം പോള്‍ ചെയ്യപ്പെട്ട ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തിരഞ്ഞെടുപ്പ് എന്ന പ്രത്യേകത കൂടി ഈ തിരഞ്ഞെടുപ്പിലുണ്ട്. രണ്ടു മില്യണ്‍ വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടതായി ന്യൂയോര്‍ക് സിറ്റി ബോര്‍ഡ് ഓഫ് ഇലക്ഷന്‍സ് എക്സില്‍ കുറിച്ചു. മംദാനിക്ക് 51 ശതമാനത്തിലേറെ വോട്ടുകള്‍ ലഭിച്ചെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.
ന്യൂയോര്‍ക്ക് നഗരത്തിന്റ ആദ്യത്തെ മുസ്‌ലിം മേയറും ഏറ്റവും പ്രായം കുറഞ്ഞ മേയറുമാകാന്‍ ഒരുങ്ങുകയാണ് മംദാനി. ഇന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാതാവ് മീരാ നായരുടെയും ഉഗാണ്ടന്‍ അക്കാദമീഷ്യനായ മഹമൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാന്‍ മംദാനി. മല്‍സരത്തില്‍ മംദാനിക്ക് തന്നെയായിരുന്നു കൂടുതല്‍ വിജയസാധ്യത പ്രവചിക്കപ്പെട്ടിരുന്നത്. 2018ലാണ് അദ്ദേഹത്തിന് അമേരിക്കന്‍ പൗരത്വം ലഭിക്കുന്നത്. ഡോണള്‍ഡ് ട്രംപിന്റെ കണ്ണിലെ കരടാണ് മംദാനി.
അഭിപ്രായവോട്ടെടുപ്പില്‍ 14.7 ശതമാനത്തിന്റെ ലീഡാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആന്‍ഡ്രൂകുമായി മംദാനിക്കുണ്ടായിരുന്നത്. മംദാനി ജയിച്ചാല്‍ ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ധനസഹായം വെട്ടിക്കുറയ്ക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഫലസ്തീന്‍ അനുകൂല നിലപാട് സ്വീകരിച്ചതും ഇസ്രായേലിന്റെ വംശഹത്യയെ വിമര്‍ശിച്ചതും ഉള്‍പ്പെടെയുള്ള നിലപടുകളാണ് മംദാനിക്കെതിരേ പ്രവര്‍ത്തിക്കാന്‍ യു എസ് പ്രസിഡന്റ് ട്രംപിനെ പ്രകോപിപ്പിച്ചിരുന്നത്. ഗസയിലെ വംശഹത്യക്ക് സഹായം നല്‍കുന്നതിനെ മംദാനി എതിര്‍ക്കുന്നുണ്ട്. ന്യൂയോര്‍ക്കിലെത്തിയാല്‍ യുദ്ധക്കുറ്റവാളിയായ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നും മംദാനി പ്രഖ്യാപിച്ചിരുന്നു.
ട്രംപ്, യുഎസ് ജനതയുടെ ഏറ്റവും വലിയ ദുഃസ്വപ്നമാണെന്നും മംദാനി പറഞ്ഞിരുന്നു. സോഷ്യലിസ്റ്റ് ആശയങ്ങള്‍ പിന്തുടരുന്ന സൊഹ്റാന്‍ മംദാനി ജയിക്കുമെന് ഏതാണ്ട് ഉറപ്പായതോടെയാണ് തന്റെ എല്ലാ അധികാരങ്ങളും ഉപയോഗിച്ച് ട്രംപ് എതിര്‍പ്പുയര്‍ത്തിയിരുന്നത്. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റില്‍, ന്യൂയോര്‍ക്ക് ഭരിക്കുന്നത് ഒരു കമ്മ്യൂണിസ്റ്റാണെങ്കില്‍, അവിടേക്ക് അയയ്ക്കുന്ന പണം വെറും പാഴ് ചെലവാണെന്ന് ട്രംപ് പറഞ്ഞിരുന്നു.
മംദാനിയാണ് മേയറെങ്കില്‍ ന്യൂയോര്‍ക്കിന് ധാരാളം പണം നല്‍കുന്നത് പ്രസിഡന്റ് എന്ന നിലയില്‍ തനിക്ക് ബുദ്ധിമുട്ടായിരിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. നിലവില്‍ സ്റ്റേറ്റ് അംസബ്ലി അംഗമായ 34 കാരനായ സൊഹ്റാന്‍ മംദാനി ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലാണ് ജനിച്ചത്. ന്യൂയോര്‍ക്കിലെ സാധാരണക്കാരായ ജനങ്ങളുടെ വക്താവായാണ് സൊഹ്‌റാന്‍ രാഷ്ട്രീയത്തിലിറങ്ങിയത്.

