സോഷ്യല്‍ മീഡിയ നിരോധനം; നേപ്പാളില്‍ പാര്‍ലമെന്റിനുമുന്നില്‍ വന്‍ പ്രതിഷേധം, പോലിസ് വെടിവയ്പ്പില്‍ ഒരു മരണം(വിഡിയോ)

Update: 2025-09-08 09:28 GMT

കാഠ്മണ്ഡു:  അഴിമതിക്കും സോഷ്യല്‍ മീഡിയ നിരോധനത്തിനും എതിരെ നേപ്പാളിലെ പാര്‍ലമെന്റ് സമുച്ചയത്തിനു മുന്നില്‍ വന്‍ പ്രതിഷേധം. 18നും 30 നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പോലിസുകാരുടെ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നാണ് വിവരം.പ്രതിഷേധക്കാരെ തടയാന്‍ പോലിസ് കണ്ണീര്‍ വാതക ഷെല്ലുകളും ജലപീരങ്കിയും പ്രയോഗിച്ചതിനേ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കു പറ്റിയിട്ടുണ്ട്.

നേപ്പാള്‍ പോലിസിന്റെ കണക്കനുസരിച്ച് 12,000 ത്തിലധികം പ്രതിഷേധക്കാര്‍ പാര്‍ലമെന്റിന്റെ ഗേറ്റ് നമ്പര്‍ ഒന്നും രണ്ടും കയ്യേറി. നിലവില്‍ പാര്‍ലമെന്റ് ഹൗസ്, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രിയുടെ വസതി എന്നിവയ്ക്ക് സമീപമുള്ള പ്രദേശങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൈന്യത്തെയും വിന്യസിച്ചിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.

കാഠ്മണ്ഡുവിലെ പ്രധാന പ്രദേശങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 3 ന് നേപ്പാള്‍ സര്‍ക്കാര്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് എന്നിവയുള്‍പ്പെടെ 26 സോഷ്യല്‍ മീഡിയ സൈറ്റുകള്‍ നിരോധിക്കാന്‍ തീരുമാനിച്ചിരുന്നു.ഈ പ്ലാറ്റ്ഫോമുകള്‍ നേപ്പാളിലെ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല.

Tags: