ബെയ്ജിങ്: എവറസ്റ്റിന്റെ ടിബറ്റന്‍ ചരിവുകളില്‍ ഉണ്ടായ കനത്ത മഞ്ഞുവീഴ്ചയില്‍ ഒരാള്‍ മരിച്ചു. നിരവധി പേരെ കാണാതായതായും 140 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൈനയുടെ ഭാഗത്തുള്ള കര്‍മ താഴ്‌വരയില്‍ നൂറിലധികം പര്‍വ്വതാരോഹകര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.
സഞ്ചാരികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ദൃശ്യങ്ങളില്‍ ഇടിമിന്നലും ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും വ്യക്തമാണ്. ഒക്ടോബര്‍ മാസമാണ് എവറസ്റ്റ് കയറാന്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്ന സമയം. ദേശീയ ദിനവും ശരത്കാല ഉല്‍സവവും ആചരിക്കുന്നതിനാല്‍ ഒക്ടോബര്‍ 1 മുതല്‍ 8 വരെ ചൈനയില്‍ അവധിയായതിനാല്‍ ആയിരക്കണക്കിന് സഞ്ചാരികളാണ് ടിബറ്റില്‍ എത്തിയിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് എവറസ്റ്റിന്റെ കിഴക്കന്‍ ചരിവുകളില്‍ മഞ്ഞുവീഴ്ച രൂക്ഷമായത്. ശരാശരി 4,200 മീറ്റര്‍ (13,800 അടി) ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഏകദേശം 350 പേരെ ഖുഡാങ്ങ് പ്രദേശത്തേക്ക് മാറ്റിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഒറ്റപ്പെട്ട ക്യാംപുകളിലേക്കുള്ള പ്രവേശനം പുനഃസ്ഥാപിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍തുടരുകയാണ്.