ഇസ്രായേലുമായുള്ള ആയുധ വ്യാപാരം നിരോധിക്കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമായി സ്ലോവേനിയ
ബ്രസ്സല്‍സ്: ഇസ്രായേലിലേക്കുള്ള ആയുധങ്ങളുടെയും സൈനിക ഉപകരണങ്ങളുടെയും ഇറക്കുമതി, കയറ്റുമതി, ഗതാഗതം എന്നിവ നിരോധിച്ച ആദ്യത്തെ യൂറോപ്യന്‍ രാജ്യമായി സ്ലൊവേനിയ. പ്രധാനമന്ത്രി റോബര്‍ട്ട് ഗൊലോബാണ് ഇക്കാര്യം സ്ഥീരീകരിച്ചത്.
ഗസയിലെ മാനുഷിക പ്രതിസന്ധിയെക്കുറിച്ചുള്ള വിമര്‍ശനം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഇസ്രായേലിനെതിരെ കൃത്യമായ നടപടികള്‍ സ്വീകരിക്കാന്‍ യൂറോപ്യന്‍ യൂണിയന് കഴിയാത്തതാണ് തീരുമാനത്തിന് കാരണമെന്ന് സര്‍ക്കാര്‍ പറഞ്ഞു.
'ആഭ്യന്തര അഭിപ്രായവ്യത്യാസങ്ങളും അനൈക്യവും കാരണം, യൂറോപ്യന്‍ യൂണിയന് നിലവില്‍ ഈ ദൗത്യം നിറവേറ്റാന്‍ കഴിയുന്നില്ല, ഇതിന്റെ ഫലം ലജ്ജാകരമാണ്: മാനുഷിക സഹായം വ്യവസ്ഥാപിതമായി നിഷേധിക്കപ്പെടുന്നതിനാല്‍ ഗാസയിലെ ആളുകള്‍ മരിക്കുന്നു. കുടിവെള്ളം, ഭക്ഷണം, അടിസ്ഥാന ആരോഗ്യ സംരക്ഷണം എന്നിവ ലഭിക്കാതെ അവര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ മരിക്കുന്നു.'പ്രസ്താവനയില്‍ പറയുന്നു.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ഗുരുതരമായ ലംഘനങ്ങള്‍ നടത്തുന്ന ഇസ്രായേല്‍ സര്‍ക്കാരിനെതിരേ വരും ആഴ്ചകളില്‍ സര്‍ക്കാര്‍ നടപടികള്‍ തയ്യാറാക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.