ഇടുക്കി: ആനച്ചാലില്‍ സ്‌കൈ ഡൈനിങ് പ്രവര്‍ത്തിച്ചത് അനുമതി ഇല്ലാതെയെന്ന് ജില്ലാ കലക്ടര്‍. ലിസ്റ്റില്‍ ഇല്ലാത്ത റൈഡിന് അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി അനുമതി കൊടുത്തിട്ടുണ്ടെങ്കില്‍ വീഴ്ചയാണെന്ന് ജില്ലാ കലക്ടര്‍ ദിനേശന്‍ ചെറുവാട്ട് പറഞ്ഞു. സാഹസിക വിനോദങ്ങള്‍ക്ക് അനുമതി നല്‍കാന്‍ വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ദ്ധരെ ഉള്‍ക്കൊള്ളിച്ച് ജില്ലാ തലത്തില്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അനുമതി സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടും ആനച്ചാലിലെ അധികൃതര്‍ അത് ഇതുവരെ ചെയ്തിട്ടില്ലെന്നും കലക്ടര്‍ പറഞ്ഞു. ഒക്ടോബറിലാണ് സ്‌കൈ ഡൈനിംഗ് ആനച്ചാലില്‍ ആരംഭിച്ചത്. ഇടുക്കിയിലെ സാഹസിക വിനോദ കേന്ദ്രങ്ങളില്‍ പരിശോധന നടത്തും. അനുമതിയില്ലെന്ന് കണ്ടെത്തിയാല്‍ അടച്ചു പൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആനച്ചാലില്‍ സ്‌കൈ ഡൈനിങ്ങില്‍ വിനോദസഞ്ചാരികള്‍ കുടുങ്ങിയത്. രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് നാലരമണിക്കൂറോളം കുടുങ്ങികിടന്നത്. ഒന്നരമണിക്കൂര്‍ നീണ്ട ദൗത്യത്തിന് ഒടുവിലാണ് കുടുങ്ങിക്കിടന്നവരെ സുരക്ഷിതരായി അന്ന് താഴെ ഇറക്കിയത്.