തൃശൂരില്‍ പതിനാറുകാരന് ക്രൂരമര്‍ദനം; നാലുപേരെ പോലിസ് അറസ്റ്റ് ചെയ്തു

Update: 2026-01-27 11:03 GMT

തൃശൂര്‍: അരിമ്പൂരില്‍ ഉല്‍സവത്തിനിടെ കാലില്‍ ചവിട്ടിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പതിനാറുകാരന് മര്‍ദനമേറ്റ സംഭവത്തില്‍ നാലുപേരെ പോലിസ് അറസ്റ്റ് ചെയ്തു. തല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് അന്തിക്കാട് പോലിസ് നാലുപേര്‍ക്കെതിരേ കേസെടുത്തത്. സംഭവത്തില്‍ കുട്ടിയെ മര്‍ദിച്ച ശ്രീഷ്ണവ്, സ്മിജിന്‍, ശ്രീഹരി, രാജേഷ് എന്നിവരാണ് പിടിയിലായത്. ഇവരെ പോലിസ് ചോദ്യം ചെയ്തുവരികയാണ്. അന്തിക്കാട് പോലിസ് ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പതിനാറുകാരന്റെ മൊഴിയെടുത്തിരുന്നു.

ജനുവരി അഞ്ചിന് തൃശൂരിലെ അരിമ്പൂര്‍ ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ ധനുപ്പൂയ മഹോല്‍സവത്തിനിടെയാണ് സംഭവം. ഉല്‍സവത്തിനിടെ ബാന്‍ഡ് സെറ്റിനൊപ്പം ചുവടുവച്ചപ്പോള്‍ പതിനാറുകാരന്‍ ഒരാളുടെ കാലില്‍ ചവിട്ടി. കാലില്‍ ചവിട്ടിയതിനു പിന്നാലെ തര്‍ക്കമുണ്ടായി. ഇതിനു ശേഷം പതിനാറുകാരനെ വിജനമായ പാടത്തേക്ക് കൂട്ടിക്കൊണ്ടുപോയി. വടികൊണ്ടും കൈകൊണ്ടും കുട്ടിയെ ക്രൂരമായി മര്‍ദിച്ചതായി പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. നാട്ടുകാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പിന്നീട് സ്‌പെഷല്‍ ബ്രാഞ്ചിനു ലഭിച്ചു. ജാതിപ്പേര് വിളിച്ചുള്ള അധിക്ഷേപം, കൊലപാതക ശ്രമം എന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.