ഇടുക്കി: തിങ്കള്‍കാട്ടില്‍ ആറുവയസുകാരിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അസം സ്വദേശി കൃഷന്റെ മകള്‍ കല്‍പ്പനയാണ് മരിച്ചത്. കുട്ടിയെ കാറിനുള്ളില്‍ ഇരുത്തി മാതാപിതാക്കള്‍ ഏലത്തോട്ടത്തില്‍ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.അസം സ്വദേശി കൃഷനും ഭാര്യയും മകള്‍ കല്‍പ്പനയും കുറച്ച് നാളുകളായി കേരളത്തിലാണ് താമസം. ഇരുവരും ഏലത്തോട്ടത്തിലെ തൊഴിലാളികളാണ്. കഴിഞ്ഞ രണ്ട് ദിവസമായി കുട്ടിക്ക് പനിയും ഛര്‍ദിയും ഉള്‍പ്പടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് രാവിലെയാണ് ജോലിക്ക് പോകുന്നതിനായി മാതാപിതാക്കള്‍ കുട്ടിയുമായി തോട്ടത്തിലെത്തുന്നത്. സമീപത്തായി നിര്‍ത്തിയിട്ടിരുന്ന തോട്ടം ഉടമയുടെ കാറിനുള്ളില്‍ കുട്ടിയെ ഇരുത്തി ഇരുവരും ജോലിക്കായി പോവുകയും ചെയ്തു. എന്നാല്‍ കാര്‍ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന് വേണ്ടി ഉടമ എത്തുകയും മാതാപിതാക്കളോട് കുട്ടിയെ കാറിനുള്ളില്‍ നിന്ന് മാറ്റണമെന്ന് പറയുകയും ചെയ്തു. പിന്നീട് മാതാപിതാക്കളെത്തി കാറില്‍ നോക്കിയപ്പോഴാണ് കുട്ടിക്ക് ബോധമില്ലെന്ന് മനസിലാകുന്നത്. ഉടന്‍ തന്നെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ശരീരത്തില്‍ മുറിവുകളോ പാടുകളോ കണ്ടെത്തിയിട്ടില്ല. മരണത്തില്‍ ദുരൂഹതയിലെന്നും കല്‍പ്പനയ്ക്ക് ആരോഗ്യ പ്രശനങ്ങളുണ്ടായിരുന്നതിനെ തുടര്‍ന്നാകാം മരണം സംഭവിച്ചിരിക്കുന്നതെന്നാണ് പോലിസിന്റെ നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പരിശോധിച്ചായിരിക്കും പോലിസ് തുടര്‍നടപടികള്‍ സ്വീകരിക്കുക.