കാണ്‍പൂരില്‍ കാണാതായ ആറുവയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി; അയല്‍വാസി അറസ്റ്റില്‍
ഉത്തര്‍പ്രദേശ്: കാണ്‍പൂരില്‍ നിന്ന് കാണാതായ ആറുവയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഹര്‍ദേവ് നഗറിലെ ബാര പ്രദേശത്തെ മഖന്‍ സോങ്കറിന്റെ മകന്‍ ആയുഷ് സോങ്കറിനെയാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് കാണാതായത്. വീടിന് പുറത്തു കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലിസില്‍ നല്‍കിയ പരാതിക്ക് പിന്നാലെ അന്വേഷണ സംഘം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.
പ്രദേശവാസിയായ ശിവം സക്സേന കുട്ടിയോടൊപ്പം നടക്കുന്നത് കാണപ്പെടുകയും പിന്നീട് ഇയാള്‍ ഒറ്റയ്ക്കു മടങ്ങിവരുന്നതും കണ്ടെത്തി. വ്യാപകമായ തിരച്ചിലിനുശേഷം കുട്ടിയുടെ മൃതദേഹം സമീപ പ്രദേശത്തുനിന്ന് കണ്ടെത്തി. ഫോറന്‍സിക് സംഘം സ്ഥലത്ത് പരിശോധന നടത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.
ആയുഷിന്റെയും പ്രതിയുടെയും കുടുംബങ്ങള്‍ ഒരേ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്നതായും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. കുട്ടിയുടെ അമ്മയോടുള്ള വ്യക്തിവൈരാഗ്യമാണ് കുറ്റകൃത്യത്തിന് പ്രേരണയായതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടിനുശേഷം കൃത്യമായ കാരണം വ്യക്തമാകുമെന്ന് ഡിസിപി അറിയിച്ചു. ശിവം സക്സേനയെ പോലിസ് അറസ്റ്റുചെയ്തു.