മീററ്റ്: മീററ്റിലെ ലിസാഡി ഗേറ്റ് ഭാഗത്ത് വീടിന് തീപിടിച്ച് അഞ്ചുകുട്ടികളും ഒരുസ്ത്രീയും മരിച്ചു. മീററ്റ് സ്വദേശിയായ ഇക്ബാല്‍ അഹമ്മദിന്റെ വീട്ടില്‍ തിങ്കളാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. അപകടസമയത്ത് വീട്ടില്‍ രണ്ട് സ്ത്രീകളും അഞ്ചുകുട്ടികളുമാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആറു പേരെ രക്ഷിക്കാനായില്ല. അപകടം നടന്ന സമയം ഇക്ബാലും സഹോദരനും പള്ളിയില്‍ പോയതായിരുന്നു.
റുഖ്സാര്‍(25), മഹ്ബിഷ്(12), ഹമ്മാദ്(4), അക്ദാസ്(4), നബിയ(4 മാസം) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. പരിക്കേറ്റത് അമീര്‍ ബാനോ(55) എന്ന സ്ത്രീ ചികില്‍സയിലാണെന്ന് എസ്പി പറഞ്ഞു.
തീപിടിത്തമുണ്ടായ കെട്ടിടത്തിന്റെ താഴത്തെ നില വസ്ത്ര സംഭരണശാലയായി ഉപയോഗിച്ചിരുന്നതായും ഇക്ബാലിന്റെ കുടുംബം മുകളിലത്തെ നിലയിലാണ് താമസിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കെട്ടിടത്തില്‍നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് അയല്‍ക്കാരാണ് പോലിസിനേയും അഗ്നിരക്ഷാസേനയേയും വിവരമറിയിച്ചത്. ഇരുകൂട്ടരും സംഭവസ്ഥലത്തെത്തി ഏറെ പണിപ്പെട്ടാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.