താനൂര്‍: ശോഭപ്പറമ്പ് കലങ്കരി ഉല്‍സവത്തിനിടെ കതിന അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. വഴിപാടായി കതിന പൊട്ടിക്കുന്നതിനായി കതിനയില്‍ വെടിമരുന്ന് നിറയ്ക്കുന്നതിനിടെയാണ് അപകടം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
താനൂര്‍ ചിറക്കല്‍ സ്വദേശികളായ തള്ളശ്ശേരി താഴത്ത് വേണുഗോപാല്‍ (54), കറുത്തേടത്ത് യാഹു (60), പാലക്കാട്ട് ഗോപാലന്‍ (47), ശോഭപ്പറമ്പ് സ്വദേശി പതിയംപാട്ട് രാമന്‍ (47), പൂരപ്പറമ്പില്‍ വിനേഷ്‌കുമാര്‍ (48), കാരാട് താമസക്കാരനായ വേലു (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കലങ്കരി ഉല്‍സവമായതിനാല്‍ വെടിവഴിപാട് നടത്തുന്നതിനായി ഏഴോളം പേര്‍ ചേര്‍ന്നാണ് കതിന നിറച്ചിരുന്നത്. മരുന്ന് നിറയ്ക്കുന്നതിനിടയിലുണ്ടായ ചെറിയ തീപ്പൊരി നിറച്ചു വച്ച കതിനകളിലേക്ക് പടരുകയായിരുന്നു. വലിയതോതില്‍ വെടിമരുന്ന് സൂക്ഷിക്കാത്തതിനാല്‍ വലിയ അപകടത്തില്‍ നിന്നാണ് രക്ഷപ്പെട്ടത്. പോലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പരിക്കേറ്റവരുടെ ചികില്‍സാ ചെലവ് ഉല്‍സവാഘോഷ കമ്മിറ്റി ഏറ്റെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു.