കുവൈത്തില്‍ ആറു ഡ്രോണുകള്‍ വെടിവച്ച് തകര്‍ത്തു; നാഷണല്‍ ഗാര്‍ഡിന്റെ സുരക്ഷാ നടപടി

Update: 2026-03-11 05:05 GMT

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വടക്കന്‍-തെക്കന്‍ മേഖലകളില്‍ നാഷണല്‍ ഗാര്‍ഡിന്റെ ചുമതലയിലുള്ള പ്രദേശങ്ങളില്‍ ആറു ഡ്രോണുകള്‍ വെടിവച്ച് തകര്‍ത്തതായി കുവൈത്ത് നാഷണല്‍ ഗാര്‍ഡ് അറിയിച്ചു. നാഷണല്‍ ഗാര്‍ഡിന്റെ ഔദ്യോഗിക വക്താവായ ബ്രിഗേഡിയര്‍ ജനറല്‍ ഡോ. ജാദന്‍ ഫാദല്‍ ജദാന്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് വിവരം അറിയിച്ചത്. രാജ്യത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും പ്രധാന സ്ഥാപനങ്ങളും സുപ്രധാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിനുമായി നടപ്പിലാക്കുന്ന തുടര്‍ച്ചയായ സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഡ്രോണുകള്‍ വെടിവച്ച് തകര്‍ത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

സുരക്ഷയും പൊതുസുരക്ഷയും ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികള്‍ പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പൊതുജനങ്ങളോട് അദ്ദേഹം അഭ്യര്‍ഥിച്ചു. കുവൈത്ത് സൈന്യം, കുവൈത്ത് പോലിസ്, ഫയര്‍ ഫോഴ്‌സ് എന്നിവയുമായി ഏകോപിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ഏത് തരത്തിലുള്ള ഭീഷണികളെയും നേരിടാന്‍ സേനകള്‍ പൂര്‍ണ സജ്ജമായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ സുരക്ഷ അസ്ഥിരപ്പെടുത്താനുള്ള ഏതൊരു ശ്രമത്തെയും ശക്തമായി ചെറുക്കാനും കുവൈത്തിന്റെ പരമാധികാരവും സുരക്ഷയും സ്ഥിരതയും ദേശീയ താല്‍പര്യങ്ങളും സംരക്ഷിക്കാനും സേനകള്‍ പ്രതിബദ്ധമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

Tags: