ബിഹാറില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; ആറു എംഎല്‍എമാര്‍ ജെഡിയുവിലേക്ക് നീങ്ങുമെന്ന് അഭ്യൂഹം
ന്യൂഡല്‍ഹി: ബിഹാറില്‍ കോണ്‍ഗ്രസിന് വന്‍ രാഷ്ട്രീയ തിരിച്ചടി നേരിടേണ്ടി വന്നേക്കുമെന്ന സൂചന. സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ആറു എംഎല്‍എമാരും പാര്‍ട്ടി വിട്ട് ജെഡിയുവിന്റെ ഭാഗമാകുമെന്ന് അഭ്യൂഹം. ദേശീയ മാധ്യമമാണ് ഇക്കാര്യം റിപപോര്‍ട്ട് ചെയ്തത്. എംഎല്‍എമാര്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ചര്‍ച്ച നടത്തിയതായും റിപോര്‍ട്ടില്‍ പറയുന്നു. ആറ് എംഎല്‍എമാരും എന്‍ഡിഎയിലേക്ക് മാറിയാല്‍ ബിഹാര്‍ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ പ്രാതിനിധ്യം പൂജ്യമാകും. 2025ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 243 സീറ്റുകളില്‍ 202 എണ്ണം എന്‍ഡിഎ സ്വന്തമാക്കിയിരുന്നു. ബിജെപി 89 സീറ്റുകളും ജെഡിയു 85 സീറ്റുകളും നേടി. മഹാസഖ്യം 35 സീറ്റുകളില്‍ ഒതുങ്ങിയപ്പോള്‍ ആര്‍ജെഡി 25 സീറ്റുകള്‍ നേടി. 61 സീറ്റുകളില്‍ മല്‍സരിച്ച കോണ്‍ഗ്രസ് ആറു സീറ്റുകളിലാണ് വിജയിച്ചത്.
കോണ്‍ഗ്രസ് എംഎല്‍എമാരെ എന്‍ഡിഎ പാളയത്തിലെത്തിച്ച് സഖ്യത്തിനുള്ളില്‍ കൂടുതല്‍ ആധിപത്യം ഉറപ്പാക്കാനാണ് ജെഡിയുവിന്റെ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ എംഎല്‍എമാര്‍ അസ്വസ്ഥരാണെന്നും, അവര്‍ ജെഡിയു നേതൃത്വവുമായി ആശയവിനിമയം നടത്തിയതായും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. ദിവസങ്ങള്‍ക്കകം അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. അടുത്ത കാലത്തായി ഈ എംഎല്‍എമാര്‍ പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടുനിന്നിരുന്നുവെന്നും റിപോര്‍ട്ടിലുണ്ട്. അതേസമയം, നിലവിലുള്ള അഭ്യൂഹങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. എംഎല്‍എമാരില്‍ ആരും പാര്‍ട്ടി വിടില്ലെന്നും, മണ്ഡല പ്രവര്‍ത്തനങ്ങളിലെ തിരക്കാണ് പരിപാടികളില്‍ പങ്കെടുക്കാതിരുന്നതിന് കാരണമെന്നും കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദ് ഖാന്‍ വ്യക്തമാക്കി.
