കൊല്ലത്ത് ഉല്‍സവാഘോഷത്തിനിടെ 19കാരനെ കുത്തിക്കൊന്ന സംഭവം: ആറുപേര്‍ അറസ്റ്റില്‍
കൊല്ലം: ഉത്സവാഘോഷത്തില്‍ നൃത്തം ചെയ്യുന്നതിനിടെ കാലില്‍ ചവിട്ടി എന്നാരോപിച്ച് 19കാരനെ കുത്തിക്കൊന്ന കേസില്‍ ആറുപേര്‍ അറസ്റ്റില്‍. മുഖത്തല കിഴവൂര്‍ സ്വദേശിയായ സജീവ്മന്ദിരത്തില്‍ പരേതനായ സജീവിന്റെ മകന്‍ അമ്പാടിയെന്ന തേജസിനെയാണ് ശനിയാഴ്ച രാത്രി കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ കിഴവൂര്‍ സ്വദേശികളായ ആദിത്യന്‍(19), വിനു(26), പ്രിജിത്ത്, അഖില്‍രാജ് (29) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരേയുമാണ് കൊട്ടിയം പോലിസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രി 8.30ന് മുഖത്തല കിഴവൂര്‍ ചെമ്പകശ്ശേരി ക്ഷേത്രത്തിലെ ഉല്‍സവ കെട്ടുകാഴ്ചയ്ക്കിടെയായിരുന്നു അക്രമം. പ്രതികളുടെ വീടിനു സമീപത്തുകൂടി കെട്ടുകാഴ്ചകള്‍ കടന്നുപോകവേ ഫ്‌ലോട്ടിനു മുന്‍പില്‍ നൃത്തം കളിക്കുകയായിരുന്ന തേജസ് അക്രമികളില്‍ ഒരാളുടെ കാലില്‍ അറിയാതെ ചവിട്ടി. ഇതില്‍ പ്രകോപിതരായ പ്രതികള്‍ തേജസിനെ വളഞ്ഞിട്ട് ആക്രമിച്ചു. പ്രതികള്‍ കൈവശം വെച്ചിരുന്ന കത്തിയെടുത്ത് തേജസിന്റെ ഇടുപ്പിലും വയറ്റിലും കുത്തി. കുത്തുന്ന സമയത്ത് പ്രായപൂര്‍ത്തിയാകാത്ത പ്രതികളില്‍ ഒരാള്‍ തേജസിനെ പിടിച്ചുവെച്ച് കൊടുത്തിരുന്നു. ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ കൂടി ഉണ്ടായിരുന്നതിനാല്‍ തേജസിനെ കുത്തുന്നതും അവന്‍ നിലവിളിക്കുന്നതും ആരും അറിഞ്ഞില്ല.
തേജസിനെ കുത്തിയ ശേഷം ഉടന്‍തന്നെ പ്രതികള്‍ സ്ഥലത്തുനിന്ന് മുങ്ങി. നൃത്തം ചെയ്യുന്നതിനിടെ റോഡില്‍ വീണതാകാം എന്ന് കരുതി ചിലര്‍ തേജസിനെ റോഡിന് അരികിലേക്ക് നീക്കിക്കിടത്തി. ഇതിനിടെ സുഹൃത്തുക്കള്‍ തേജസിനെ കണ്ടെത്തുകയും തന്നെ കുത്തിയതായി തേജസ് അവരോട് പറയുകയും ചെയ്തു. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിക്കാന്‍ പല വാഹനങ്ങള്‍ക്കും കൈ കാണിച്ചങ്കിലും നിര്‍ത്തിയില്ല.
ഏറെക്കഴിഞ്ഞ് അതുവഴി ഐസ് കൊണ്ടുവന്ന പിക്കപ്പ് ഓട്ടോറിക്ഷയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. പാലത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായതോടെ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും 11.30ഓടെ തേജസ് മരിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെ വെളിച്ചിക്കാലയിലെ അഖില്‍രാജിന്റെ വീട്ടില്‍നിന്നാണ് എല്ലാ പ്രതികളെയും പോലിസ് പിടികൂടിയത്. സംഭവത്തില്‍ അഖില്‍ രാജ് നേരിട്ട് ഇടപെട്ടിട്ടില്ല. എന്നാല്‍ പ്രതികള്‍ക്ക് അഭയം നല്‍കിയതിന് അഖില്‍രാജിനെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെ ജുവനൈല്‍ കോടതിയിലും ഹാജരാക്കി. കോടതിയില്‍ ഹാജരാക്കിയ മറ്റു നാലു പ്രതികളെയും റിമാന്‍ഡ് ചെയ്തു. പ്രതികളില്‍ ഒരാളായ വിനു എന്‍ഡിപിഎസ് കേസില്‍ നേരത്തേയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.
