വെള്ളാപ്പള്ളി നടേശനെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയ കോടതി വിധിയെ സ്വാഗതം ചെയ്ത് ശിവഗിരി മഠം

കോടതി വിധി ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനമെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ

Update: 2026-03-14 10:35 GMT

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ശിവഗിരി മഠം. കോടതി വിധി ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനമാണെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശ്രീനാരായണ ഗുരു നേടിയെടുത്ത പലകാര്യങ്ങളില്‍ നിന്നും സംഘടന അടുത്തകാലത്തായി പിന്നോക്കം പോകുകയാണെന്നും സ്വാമി സച്ചിദാനന്ദ കുറ്റപ്പെടുത്തി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ള ബോര്‍ഡ് അംഗങ്ങളെയും അയോഗ്യരാക്കിയ ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് പിന്നാക്ക സമുദായങ്ങളെ അവഗണിക്കുന്നുവെന്നും സ്വാമി സച്ചിദാനന്ദ കുറ്റപ്പെടുത്തി. നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കുന്ന മണ്ഡലങ്ങള്‍ പിന്നാക്ക സമുദായക്കാര്‍ക്ക് നല്‍കുന്നില്ലെന്നാണ് മഠാതിപതിയുടെ പരാമര്‍ശം. കെ കരുണാകരന്‍, എ കെ ആന്റണി എന്നിവരുടെ കാലത്ത് ഇങ്ങനെയല്ലായിരുന്നു. തോല്‍ക്കുന്ന മണ്ഡലങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നല്‍കുന്നത്. എല്‍ഡിഎഫിലും സ്ഥിതി സമാനമാണ്, എല്‍ഡിഎഫ് മന്ത്രിസഭയില്‍ ഒരു സമുദായത്തില്‍പ്പെട്ട പത്തുപേരുണ്ട്. എന്നാല്‍ പിന്നാക്കക്കാരില്ലെന്നും സ്വാമി സച്ചിദാനന്ദന്‍ പറഞ്ഞു.

കമ്പനി നിയമപ്രകാരമുള്ള നടപടികള്‍ പാലിച്ചിട്ടില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ള ബോര്‍ഡ് അംഗങ്ങളെയും അയോഗ്യരാക്കി കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിറക്കിയത്. കമ്പനി നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനം കഴിഞ്ഞ ഒന്‍പത് വര്‍ഷമായി വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിച്ചില്ലെന്ന് കണ്ടെത്തിയാണ് നടപടി. താല്‍കാലിക ഡയറക്ടര്‍മാരെ നിയമിച്ച് ഭരണം നടത്താന്‍ സര്‍ക്കാറിന് കോടതി നിര്‍ദ്ദേശം നല്‍കി.

കമ്പനി നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത എസ്എന്‍ഡിപി യോഗം 2014ന് ശേഷം വാര്‍ഷിക കണക്കുകള്‍ നല്‍കിയില്ലെന്നും നിയമ ലംഘനം നടത്തിയ ഡയറക്ടര്‍മാരെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ്. സംഘടനയിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കണമെന്നും, ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്നും നീക്കണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്. അന്തരിച്ച പ്രൊഫ. എം കെ സാനു അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.

2013ലെ ഭേദഗതി പ്രകാരം കമ്പനി ഡയറക്ടര്‍മാര്‍ക്ക് ഡയറക്ടര്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ വേണമെന്നത് നിര്‍ബന്ധമാണ്. വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവര്‍ക്ക് ഡിന്‍ നമ്പര്‍ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കഴിട്ടില്ല. തുടര്‍ന്നാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, പ്രസിഡന്റ് എം എന്‍ സോമന്‍, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അടക്കമുള്ള ഭാരവാഹികളെയും 170 അംഗങ്ങളെയും കോടതി അയോഗ്യരാക്കിയത്.

Tags: