ലേയില്‍ സ്ഥിതിഗതികള്‍ ഇപ്പോഴും സംഘര്‍ഷഭരിതം; തുടര്‍ച്ചയായ നാലാം ദിവസവും കര്‍ഫ്യൂ ഏര്‍പ്പെടുത്തി
ലേ: ലേയില്‍ സ്ഥിതിഗതികള്‍ ഇപ്പോഴും സംഘര്‍ഷഭരിതമായി തുടരുന്നു. തുടര്‍ച്ചയായ നാലാം ദിവസവും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുന്നു. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളും നിര്‍ത്തിവച്ചിരിക്കുന്നു. ലഡാക്കിന് പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കണമെന്നും ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്നുമാവശ്യപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്.
ഇന്നലെ പരിസ്ഥിതി ആക്ടിവിസ്റ്റായ സോനം വാങ്ചുക്ക് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സോനം വാങ്ചുക്കിന്റെ എന്‍ജിഒയ്ക്ക് വിദേശ സംഭാവന സ്വീകരിക്കാനുള്ള എഫ്‌സിആര്‍എ ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. പിന്നാലെയാണ് അറസ്റ്റ്. വാങ്ചുക്കിനെ അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റിയെന്നാണ് സൂചന.
ലേയില്‍ കഴിഞ്ഞദിവസം നടന്ന ഹര്‍ത്താല്‍ അക്രമാസക്തമായിരുന്നു. നാലു പേരാണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീരിനെ വിഭജിച്ച് 2019ലാണു നരേന്ദ്ര മോദി സര്‍ക്കാര്‍ ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയത്. സംസ്ഥാനപദവി, ഭരണഘടനയുടെ 6ാം ഷെഡ്യൂള്‍ ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങളുമായി വര്‍ഷങ്ങളായി തുടരുന്ന സമരത്തോടുള്ള കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച് ലഡാക്ക് ഏപ്പെക്‌സ് ബോഡിയുടെ നേതൃത്വത്തില്‍ ഈ മാസം 10ന് നിരാഹാരം ആരംഭിച്ചിരുന്നു. ആരോഗ്യനില വഷളായ രണ്ടുപേരെ ആശുപത്രിയിലേക്കു മാറ്റിയതിനെ തുടര്‍ന്നാണ് യുവജനവിഭാഗം ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
