രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഡിഎന്‍എ പരിശോധനക്ക് രക്ത സാമ്പിളുകള്‍ ശേഖരിച്ച് എസ്‌ഐടി
രാഹുലിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
പത്തനംതിട്ട: മൂന്നാമത്തെ ലൈംഗിക പീഡനക്കേസില്‍ ഡിഎന്‍എ പരിശോധനയ്ക്ക് എസ്‌ഐടി. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രക്ത സാമ്പിളുകള്‍ ശേഖരിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ പരാതിക്കാരിയെ ക്രൂരമായി മര്‍ദിച്ച് ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചെന്ന് റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നു. അതേസമയം, ബലാല്‍സംഗക്കേസില്‍ റിമാന്‍ഡിലായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. തിരുവല്ല മജിസ്ട്രേറ്റ് കോടതി നാളെ ജാമ്യാപേക്ഷ പരിഗണിക്കാനാണ് സാധ്യത. ജാമ്യാപേക്ഷ രാഹുലിന്റെ അഭിഭാഷകന്‍ ഇന്ന് തന്നെ സമര്‍പ്പിച്ചിട്ടുണ്ട്.
ഗുരുതരമായ ആരോപണങ്ങളാണ് മൂന്നാമത്തെ പരാതിയില്‍ ഉയര്‍ന്നിരിക്കുന്നത്. യുവതി സൂക്ഷിച്ച ഭ്രൂണത്തിന്റെ ഡിഎന്‍എ പരിശോധനാറിപോര്‍ട്ടാണ് കേസില്‍ ശക്തമായ തെളിവായത്. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു യുവതിയെ രാഹുല്‍ പീഡിപ്പിച്ചത്. തനിക്കൊരു കുഞ്ഞിനെ വേണമെന്നും രാഹുല്‍ പറഞ്ഞു. ഗര്‍ഭിണിയായപ്പോള്‍ അസഭ്യം പറഞ്ഞെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഹോട്ടലില്‍ ഒരുമിച്ചുണ്ടായിരുന്നതിന്റേയും വാട്‌സ്ആപ്പ് ചാറ്റിന്റെയും വിവരങ്ങള്‍ പോലിസിനു നല്‍കി. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഡിഎന്‍എ സാമ്പിള്‍ പരിശോധിച്ചു. പൊട്ടന്‍സി മെഡിക്കല്‍ പരിശോധനയും നടത്തി.
പത്തനംതിട്ട മജിസ്‌ട്രേറ്റാണ് രാഹുലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. രാഹുലിനെ മാവേലിക്കര സബ്ജയിലിലേക്ക് മാറ്റും. പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം പ്രത്യേക അന്വേഷ സംഘം രാഹുലിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. രാഹുലിനെതിരേ നിലവില്‍ മൂന്ന് ബലാല്‍സംഗ കേസുകളാണുള്ളത്. ആദ്യത്തെ കേസില്‍ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ കേസില്‍ വിചാരണ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
പരാതിയില്‍ പറയുന്നതുപോലെ ഒരു പീഡനം നടന്നിട്ടില്ലെന്നും ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നുമാണ് രാഹുലിന്റെ വാദം. അതീവ രഹസ്യമായാണ് ഇന്ന് പുലര്‍ച്ചെയോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് നിന്നും കസ്റ്റഡിയിലെടുത്തത്. ഉപതിരഞ്ഞെടുപ്പ് കാലത്ത് നീലപ്പെട്ടി വിവാദമുണ്ടായ അതേ കെപിഎം ഹോട്ടലില്‍ വച്ചാണ് ഒരു വര്‍ഷത്തിനിപ്പുറം രാഹുലിനെ പോലിസ് പിടിച്ചതും. ഷൊര്‍ണൂര്‍ ഡിവൈഎസ്പി മുരളീധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.

