കോഴിക്കോട്: വയോധികരായ സഹോദരിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. ഇവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന ഇളയസഹോദരന്‍ പ്രമോദ് ഒളിവിലാണ്. കോഴിക്കോട് തടമ്പാട്ടുത്താഴത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് ശനിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരിമാര്‍ മരിച്ചു എന്ന് പ്രമോദാണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത്. ബന്ധുക്കള്‍ വീട്ടില്‍ എത്തിയപ്പോള്‍ രണ്ട് മുറികളിലായി കട്ടിലില്‍ വെള്ളപുതപ്പിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. എന്നാല്‍, മരണവിവരം വിളിച്ചറിയിച്ച പ്രമോദ് ഈ സമയം വീട്ടില്‍ ഇല്ലായിരുന്നു. പോലിസ് നടത്തിയ അന്വേഷണത്തില്‍ ഫറോക്ക് റെയില്‍വേ സ്‌റ്റേഷന് സമീപത്തുനിന്നും പ്രമോദിന്റെ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയെങ്കിലും പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.