എസ്‌ഐആര്‍: അധ്യാപകര്‍ ബിഎല്‍ഒമാരായതോടെ പഠനം മുടങ്ങാതിരിക്കാന്‍ താത്കാലിക അധ്യാപകരെ നിയമിക്കും
തിരുവനന്തപുരം: അധ്യാപകര്‍ തിരഞ്ഞെടുപ്പു കമീഷന്റെ എസ്ഐആര്‍ പ്രവര്‍ത്തനങ്ങളുടെ തിരക്കിലായതോടെ, പഠനം മുടങ്ങാതിരിക്കാന്‍ സ്‌കൂളുകളില്‍ പതിനായിരത്തിലേറെ താത്കാലിക അധ്യാപകരെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. അധ്യാപകരടക്കം വിവിധ സര്‍ക്കാര്‍ ജീവനക്കാരെ തിരഞ്ഞെടുപ്പു കമീഷന്‍ ബിഎല്‍ഒ(ബൂത്ത് ലെവല്‍ ഓഫീസര്‍)മാരായി നിയമിച്ച സാഹചര്യത്തിലാണിത്. ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍എസ്‌കെ ഉമേഷ് ഉത്തരവിറക്കി.
സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകരെ ബിഎല്‍ഒമാരാക്കിയത് കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്നു കാണിച്ച് കെഎസ്ടിഎ ജനറല്‍ സെക്രട്ടറി ടി കെ എ ഷാഫി മന്ത്രി വി ശിവന്‍കുട്ടിക്കു നല്‍കിയ കത്ത് പരിഗണിച്ചാണ് നടപടി. ബിഎല്‍ഒമാരായി നിയോഗിക്കപ്പെട്ടവര്‍ക്കുപകരമായി താത്കാലിക അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് കെപിഎസ്ടിഎ, കെപിപിഎച്ച്എ എന്നീ സംഘടനകളും നിവേദനം നല്‍കിയിരുന്നു.
സംസ്ഥാനത്തെ എസ്ഐആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ സര്‍വീസിലുള്ള 30,000 പേരെയാണ് ബിഎല്‍ഒമാരായി ചുമതലപ്പെടുത്തിയിട്ടുള്ളത്. നവംബര്‍ നാലുമുതല്‍ ഡിസംബര്‍ നാലുവരെയാണ് നിയമനമെങ്കിലും നീട്ടേണ്ടിവരുമെന്ന് കമീഷന്‍ വ്യക്തമാക്കിയിരുന്നു. ബിഎല്‍ഒമാരില്‍ പതിനായിരത്തിലേറെപ്പേര്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകരാണ്. എല്‍പി മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ളവരും ഹയര്‍ സെക്കന്‍ഡറിയില്‍ ഗസറ്റഡ് അല്ലാത്ത അധ്യാപകരും ബിഎല്‍ഒമാരായി നിയോഗിക്കപ്പെട്ടിട്ടുണ്ട്.