എസ്‌ഐആര്‍; വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ സുതാര്യത ഉറപ്പുവരുത്തണമെന്ന് സുപ്രിംകോടതി

Update: 2026-01-29 11:08 GMT

ന്യൂഡല്‍ഹി: വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ സുതാര്യത ഉറപ്പുവരുത്തണമെന്ന് സുപ്രിംകോടതി. ഡിഎംകെ നല്‍കിയ ഹരജി പരിണിക്കവെയാണ് നിര്‍ദേശം. ഏകദേശം 1.72 കോടി വോട്ടര്‍മാരെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് ഡിഎംകെ നേതാവ് ആര്‍ എസ് ഭാര്‍ത്തിയുടെ ഹരജിയില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

പൊരുത്തക്കേടുകള്‍ കൊണ്ട് വോട്ടര്‍ലിസ്റ്റില്‍ നിന്നു പുറത്തായ ആളുകളെയും കൂടി ചേര്‍ത്ത് വോട്ടര്‍പട്ടിക പരിഷ്‌കരിക്കാനും കോടതി നിര്‍ദേശിച്ചു. വളരെ സുതാര്യമായ രീതിയും ശ്രദ്ധയിലും എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അതത് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കോടതി അറിയിച്ചു.

കഴിഞ്ഞ വര്‍ഷം, ബംഗാളില്‍ എസ്‌ഐആര്‍ നടപടികള്‍ പ്രകാരം നിരവധി പേരുടെ വോട്ടുകളാണ് വെട്ടിയതെന്നും അത് ബിജെപി ജെഡിയു സഖ്യം വിജയിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചെന്നും പ്രതിപക്ഷം വിമര്‍ശനമുന്നയിച്ചിരുന്നു. ഏകദേശം 47 ലക്ഷം ആളുകളുടെ പേരുകളാണ് അവിടെ നീക്കം ചെയ്യപ്പെട്ടത്.

തമിഴ്‌നാട്ടില്‍ ആദ്യഘട്ട വോട്ടര്‍ ലിസ്റ്റ് പരിഷ്‌കരണത്തില്‍ 97 ലക്ഷത്തോളം വോട്ടര്‍മാരാണ് വോട്ടര്‍പട്ടികയില്‍ നിന്നു പുറത്തായത്. പുറത്താക്കപ്പെട്ടവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ ജനുവരി 18വരെ സമയം നല്‍കിയിരുന്നു.

Tags: