കേരളത്തില്‍ എസ്‌ഐആര്‍ നടപടിക്രമങ്ങള്‍ തുടങ്ങി

Update: 2025-09-16 07:12 GMT



പാലക്കാട്: കേരളത്തില്‍ എസ്‌ഐആര്‍ (വോട്ടര്‍പട്ടിക തീവ്രപരിശോധന) നടപടി ക്രമങ്ങള്‍ക്ക് പാലക്കാട് അട്ടപ്പാടിയില്‍ തുടങ്ങി. ആദ്യപരിശോധനക്ക് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ അട്ടപ്പാടിയിലെത്തിയെന്നാണ് റിപോര്‍ട്ടുകള്‍. അട്ടപ്പാടിയിലെ രണ്ട് ആദിവാസി ഊരുകളാണ് ഇതിനായി ആദ്യം തിരഞ്ഞെടുത്തിരിക്കുന്നത്. ഊരുകളില്‍ താമസിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രയാസം ഉണ്ടോയെന്ന് അറിയാനും അത് പരിശോധിക്കാനുമാണ് ആദ്യ നടപടി.

അട്ടപ്പാടി തുടക്കം മാത്രമാണെന്നും 2002ല്‍ ലിസ്റ്റിലുള്ള ആളുകളുടെ പേര് 2025ലും ലിസ്റ്റില്‍ ഉണ്ടോയെന്നുള്ളതാണ് പരിശോധിക്കുന്നതെന്നും രത്തന്‍ യു ഖേല്‍ക്കര്‍ പറഞ്ഞു. എസ്‌ഐആറിലൂടെ ഉദ്ദേശിക്കുന്നത് ബിഎല്‍ഒമാര്‍ വീട്ടില്‍ ചെന്ന് നേരിട്ട് ആളുകളെ കണ്ട് ബോധ്യപ്പെടുക എന്നതാണ്.എസ്‌ഐആര്‍ വന്നു കഴിഞ്ഞാല്‍ പിന്നീട് ഒരു പരാതി വരാനോ കള്ളവോട്ട് ഉണ്ടാവാനോ ഉള്ള സാധ്യത അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മരിച്ചവര്‍, താമസം മാറിയവര്‍, ഒന്നിലധികം തവണ പട്ടികയില്‍ ഇടംപിടിച്ചവര്‍, പൗരന്‍മാര്‍ അല്ലാത്തവര്‍ എന്നിവരുടെ പേരുകള്‍ ഒഴിവാക്കി യോഗ്യരായ എല്ലാ വോട്ടര്‍മാരെയും പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണ് എസ്ഐആറിന്റെ ലക്ഷ്യമെന്നു പറയുന്നു. ഇതിനായി 2002-ലെ പട്ടിക അടിസ്ഥാനമാക്കിയാണ് വോട്ടര്‍പട്ടിക പുതുക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടിക നിലവിലുള്ളപ്പോള്‍ പിന്നെന്തിനാണ് 23 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പട്ടിക അടിസ്ഥാനമാക്കുന്നത് എന്നതാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. എന്നാല്‍ വോട്ടര്‍പട്ടികയില്‍ തീവ്രപരിഷ്‌കരണം വന്നത് ഒടുവില്‍ 2002ലായിരുന്നു. അതുകൊണ്ടാണ് അന്നത്തെ പട്ടിക അടിസ്ഥാനമാക്കുന്നത് എന്നാണ് കമ്മീഷന്‍ പറയുന്നത്.

എസ്‌ഐആറിലുടെ അര്‍ഹതയുള്ള ആരും ഒഴിവാകില്ലെന്നും അനര്‍ഹര്‍ മാത്രമേ പുറത്താകു എന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍ ബിഹാറില്‍ 65 ലക്ഷത്തോളം പേര്‍ പട്ടികയില്‍നിന്ന് പുറത്തായ വിവരം പുറത്തുവന്നതിനാല്‍ എസ്ഐആര്‍ നടപ്പാക്കണമെന്ന കാര്യത്തില്‍ പ്രതിപക്ഷത്തിന് വിയോജിപ്പില്ല. കഴിഞ്ഞ 23 വര്‍ഷമായി നിരവധി തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്തവര്‍ വീണ്ടും രേഖകള്‍ നല്‍കി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കണമെന്നതിനെയാണ് പ്രതിപക്ഷം ചോദ്യംചെയ്യുന്നത്.

Tags: