'എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണം'; കേരളം സുപ്രിം കോടതിയില്‍
തദേശ തിരഞ്ഞെടുപ്പ് കഴിയുംവരെ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ഡോ. ജയതിലകാണ് കോടതിയെ സമീപിച്ചത്
ന്യൂഡല്‍ഹി: എസ്‌ഐആര്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രിം കോടതിയില്‍. തദേശ തിരഞ്ഞെടുപ്പ് കഴിയുംവരെ നിര്‍ത്തണമെന്നാണ് ആവശ്യം. ചീഫ് സെക്രട്ടറി ഡോ. ജയതിലകാണ് എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചത്. എസ്‌ഐആറും തദേശ തിരഞ്ഞെടുപ്പ് നടപടികളും ഒരേസമയം നടത്തിയാല്‍ ഭരണസംവിധാനം സ്തംഭിക്കുമെന്നും ഹരജിയില്‍ ഉന്നയിക്കുന്നു. തിരഞ്ഞെടുപ്പ് നടക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്നും ഡിസംബര്‍ 21 വരെ നിര്‍ത്തിവെക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. എസ്‌ഐആര്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയും ഇന്ന് സുപ്രിം കോടതിയെ സമീപിക്കും. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരക്കുകളില്‍ നില്‍ക്കേ ധൃതിപ്പെട്ട് എസ്‌ഐആര്‍ നടപ്പാക്കുന്നത് ഒഴിവാക്കണമെന്നും നടപടികള്‍ നിര്‍ത്തിവെക്കണമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുപോലെ ആവശ്യപ്പെട്ടതാണ്. എന്നിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ എസ്‌ഐആര്‍ തിരക്കിട്ട് നടപ്പാക്കുന്നതിനു പിന്നില്‍ ദുരുദ്ദ്യേശമുണ്ടെന്നാണ് ആരോപണം.
നവംബര്‍ നാലു മുതലാണ് സംസ്ഥാനത്ത് എസ്ഐആര്‍ നടപടികള്‍ ആരംഭിച്ചിരുന്നത്. ഡിസംബര്‍ നാലിനുള്ളില്‍ എന്യൂമറേഷന്‍ വിതരണം പൂര്‍ത്തിയാക്കുമെന്നായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിരുന്നത്. എസ്‌ഐആര്‍ നടപടികള്‍ നീട്ടിവെക്കാന്‍ കഴിയില്ലെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിരുന്നത്. കണ്ണൂര്‍ ഏറ്റുകുടുക്കയില്‍ ജോലി സമ്മര്‍ദം മൂലം അനീഷ് ജോര്‍ജെന്ന ബിഎല്‍ഒ ജീവനൊടുക്കിയ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് സര്‍വീസ് സംഘടനകള്‍. വിഷയത്തെ നിയമപരമായി നേരിടാനാണ് സര്‍വീസ് സംഘടനകളുടെ തീരുമാനം.
അമിത ജോലിഭാരം മൂലമാണ് കണ്ണൂരിലെ ബിഎല്‍ഒ അനീഷ് ജോര്‍ജ് ജീവനൊടുക്കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ എന്യൂമറേഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഒരു മാസം സമയം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ജില്ലാ കലക്ടര്‍മാരും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രണ്ടു ദിവസത്തിനകം ജോലി പൂര്‍ത്തിയാക്കണമെന്ന് ബിഎല്‍ഒമാര്‍ക്ക് ഇപ്പോള്‍ അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. നൂറുകണക്കിന് വീടുകള്‍ കയറി ആയിരക്കണക്കിന് വോട്ടര്‍മാരുടെ എന്യൂമറേഷന്‍ ഫോമുകള്‍ പൂരിപ്പിച്ച ശേഷം വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുന്ന ജോലികള്‍ ചെയ്യാന്‍ ബിഎല്‍ഒമാര്‍ക്ക് മതിയായ സമയം ലഭിക്കേണ്ടതുണ്ടെന്നതാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്നത്.
അതേസമയം, എസ്ഐആര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് വിളിച്ച യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. രാവിലെ 10.30ന് ഇന്ദിരാഭവനിലാണ് യോഗം. കേരളം ഉള്‍പ്പെടെ ഒന്‍പതു സംസ്ഥാനങ്ങളിലെയും മൂന്നു കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നേതാക്കളുടെ യോഗമാണ് ചേരുന്നത്. എസ്‌ഐആറുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ യോഗം ചര്‍ച്ച ചെയ്യും. എസ്‌ഐആറിനെതിരായ തുടര്‍ പ്രതിഷേധ പരിപാടികള്‍ക്ക് യോഗം രൂപം നല്‍കും.

