എസ്‌ഐആര്‍: നാലു കോടി വോട്ടര്‍മാര്‍ പട്ടികയിലില്ല, കണ്ടെത്തി ഉള്‍പ്പെടുത്താന്‍ യോഗിയുടെ നിര്‍ദേശം
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ എസ്‌ഐആര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഏകദേശം നാലു കോടി വോട്ടര്‍മാരെ കാണാനില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതില്‍ ഭൂരിഭാഗവും ബിജെപിക്ക് വോട്ട് ചെയ്യുന്നവരാണെന്നും അദ്ദേഹം അവകാശപ്പെട്ടു. എസ്‌ഐആര്‍ പട്ടികയില്‍ ഉള്‍പ്പെടാതെ പോയവരെ കണ്ടെത്തി ചേര്‍ക്കുക എന്നതാണ് പുതിയ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ആദ്യ ദൗത്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബൂത്തുതലത്തില്‍ എല്ലാ വോട്ടര്‍മാരിലേക്കും എത്തി അടുത്ത 12 ദിവസത്തിനുള്ളില്‍ ഇവരെ എസ്‌ഐആര്‍ പട്ടികയുടെ ഭാഗമാക്കണമെന്ന് യോഗി നിര്‍ദേശിച്ചു. ഉത്തര്‍പ്രദേശിന്റെ ആകെ ജനസംഖ്യ 25 കോടി ആണെന്നും, ഇതില്‍ ഏകദേശം 16 കോടി പേര്‍ക്ക് വോട്ടവകാശമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എസ്‌ഐആറില്‍ നിലവില്‍ 12 കോടി വോട്ടര്‍മാരെ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യാജ വോട്ടുകള്‍ക്കെതിരേ എതിര്‍പ്പറിയിക്കാനും വോട്ടര്‍ പട്ടികയില്‍ പുതിയ പേരുകള്‍ ചേര്‍ക്കാനും ഇപ്പോള്‍ അവസരമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കഠിനാധ്വാനം ചെയ്താല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വലിയൊരു ജോലി മുന്‍കൂട്ടി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗ്ലാദേശില്‍ നിന്നുള്ളവരെ പ്രതിപക്ഷ പാര്‍ട്ടികള്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണെന്നും, ഇത്തരം അനധികൃത പേരുകള്‍ ഒഴിവാക്കുന്നതിനും എസ്‌ഐആര്‍ പ്രക്രിയ പ്രയോജനപ്പെടുത്താമെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു.
അതേസമയം, ഉത്തര്‍പ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസറുടെ അഭ്യര്‍ഥന മാനിച്ച് എസ്‌ഐആര്‍ ഫോമുകള്‍ നല്‍കുന്നതിനുള്ള സമയപരിധി സംസ്ഥാനത്ത് 15 ദിവസം കൂടി നീട്ടിയിരുന്നു. അയോധ്യ, വാരാണസി, മഥുര എന്നിവിടങ്ങളില്‍ സന്യാസിമാരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതില്‍ തടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് ബിജെപിക്ക് അനുകൂലമായി എസ്‌ഐആര്‍ സമയപരിധി രണ്ടാഴ്ചക്കുമേല്‍ നീട്ടിയതെന്ന റിപോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
